തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയ്‌ക്കെതിരെ പ്രദേശവാസികള്‍. വന്യമൃഗശല്യം രൂക്ഷമായ ഭൂമി വാങ്ങിയെന്നാണ് പ്രധാന ആക്ഷേപം. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി കോണ്‍ഗ്രസ് 5.42 ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. ഇത് കാട്ടാനശല്യം ഏറെയുള്ള സ്ഥലമാണെന്ന് പ്രദേശവാസിയായ മേപ്പാടി കുന്നമ്പറ്റ സ്വദേശി വനജ പറയുന്നു. ‘മാസങ്ങള്‍ക്ക് മുമ്പ് ഒരു ബ്രോക്കര്‍ വന്ന് ഭൂമി വില്‍ക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍, ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിലേക്ക് എന്തിനാണ് പുതിയ ആളുകളെ കൊണ്ടുവരുന്നത് എന്നാണ് ഞാന്‍ ചോദിച്ചത്- ഭൂമി ഉടമയായ വനജ പറയുന്നു.’മുമ്പ് ആറോളം ആനകള്‍ ദിവസവും ഇവിടെ വരുമായിരുന്നു. ഇപ്പോഴും രണ്ടോ മൂന്നോ ആനകള്‍ രാത്രിയില്‍ എത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. പകല്‍ സമയത്ത് പോലും സമീപത്തുള്ള എസ്റ്റേറ്റില്‍ ആനകളെ കാണാറുണ്ട്. കൃഷി നശിപ്പിക്കുന്നത് കാരണം ഞങ്ങള്‍ക്ക് മടുത്തു. മറ്റ് വരുമാന മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഞങ്ങള്‍ നിസ്സഹായരാണ്. അതുകൊണ്ടാണ് പുതിയ ആളുകളെ ഇങ്ങോട്ട് കൊണ്ടുവരുന്നത് എന്തിനാണെന്ന് ഞാന്‍ ചോദിക്കുന്നത്,’ വനജ പറഞ്ഞു.കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയുടെ താഴെ ഭാഗത്തും പകല്‍ സമയത്തും ആനകള്‍ എത്താറുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ‘ആനകള്‍ക്ക് എളുപ്പത്തില്‍ ഈ പറമ്പിലേക്ക് കയറാം. ഒരു അത്യാഹിതം ഉണ്ടായാല്‍ പുറത്തിറങ്ങാന്‍ പോലും കഴിയില്ല, ഏത് ഭാഗത്തുനിന്നാണ് ആന വരിക എന്ന് പറയാന്‍ പറ്റില്ല.’ വനജ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 26ന് രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസപദ്ധതിക്ക് തറക്കല്ലിട്ടത്. ‘ഉദ്ഘാടന സ്ഥലത്തേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ പോലും വഴിയില്ലായിരുന്നു. ചിക്കന്‍ വേസ്റ്റും മറ്റു അവശിഷ്ടങ്ങളും ഇട്ടാണ് താത്കാലികമായി വഴി ഉണ്ടാക്കിയത്. അത് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഒലിച്ചുപോയി. മകനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെ വഴിയില്‍ വീണെന്നും’ വനജ കൂട്ടിച്ചേര്‍ത്തു. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും എംഎല്‍എയുടെയും അധികൃതരുടെയും ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി വനജ പറഞ്ഞു.
മേപ്പാടി ഡിവിഷനെ പ്രതിനിധീകരിക്കുന്ന കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം അജ്മല്‍ സാജിദും സമാന ആരോപണങ്ങള്‍ ഉന്നയിച്ചു. വനജയുടെ കുടുംബത്തെയും മറ്റൊരു കുടുംബത്തെയും കൂടാതെ ഒരു കോണ്‍വെന്റ് മാത്രമാണ് അവിടെയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി കാട് പിടിച്ചു കിടക്കുന്ന ഈ പ്രദേശം വന്യമൃഗങ്ങളുടെ താവളമാണ്. ടി സിദ്ദിഖ് എംഎല്‍എയ്ക്ക് ഇക്കാര്യം അറിയാമായിരുന്നു. ഇത് സംബന്ധിച്ച് എംഎല്‍എ നുണകള്‍ പറയുകയാണ്,’ അജ്മല്‍ ആരോപിച്ചു.
ഒരു പ്ലോട്ട് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കെപിസിസി പ്രസിഡന്റ് അവകാശപ്പെടുന്നതിനേക്കാള്‍ വളരെ കുറഞ്ഞ വിപണി മൂല്യമേ ഈ ഭൂമിക്കുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 3.24 ഏക്കര്‍, 2.18 ഏക്കര്‍ എന്നിങ്ങനെ രണ്ട് പ്ലോട്ടുകള്‍ (ആകെ 5.42 ഏക്കര്‍) 6.18 കോടി രൂപയ്ക്കാണ് (യഥാക്രമം 3.68 കോടി, 2.50 കോടി) വാങ്ങിയതെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതിനടുത്തുള്ള അഞ്ച് ഏക്കര്‍ ഭൂമി സെന്റിന് 59,000 രൂപയ്ക്കാണ് വിറ്റുപോയതെന്ന് അജ്മല്‍ പറഞ്ഞു.









