കുട്ടികള്‍ക്ക് ഇനി ‘ഡിജിറ്റല്‍ പോക്കറ്റ് മണി’; സുരക്ഷിത ഇടപാടുകളുമായി ഗൂഗിള്‍ പേ

ന്യൂഡല്‍ഹി: രക്ഷിതാവിന്റെ അക്കൗണ്ടില്‍ നിന്നും കുട്ടികള്‍ക്ക് സുരക്ഷിതമായി പണം എത്തിക്കുന്നതിനായി പുതിയ ‘പോക്കറ്റ് മണി’ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ പേ. രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കുട്ടികള്‍ക്ക് പണം ചെലവഴിക്കാന്‍ സാധിക്കുന്ന ഈ സംവിധാനം, പണം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയ്ക്ക് പരിഹാരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച യുപിഐ സര്‍ക്കിള്‍ (UPI Circle) എന്ന സംവിധാനത്തിന്റെ ഭാഗമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികള്‍ക്കും ആശ്രിതര്‍ക്കും രക്ഷിതാവിന്റെ അക്കൗണ്ട് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും.ഇതിനായി കുട്ടിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. രക്ഷിതാവിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ഈടാക്കുന്നത്. ഒരു രക്ഷിതാവിന് കുട്ടികള്‍, കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ സഹായികള്‍ എന്നിങ്ങനെ അഞ്ച് പേരെ വരെ സെക്കന്‍ഡറി ഉപയോക്താക്കളായി ചേര്‍ക്കാം . പ്രതിമാസം 15,000 രൂപ വരെ പരിധി നിശ്ചയിക്കാം. ഈ തുകയ്ക്കുള്ളില്‍ ഓരോ തവണയും രക്ഷിതാവിന്റെ അനുമതിയില്ലാതെ കുട്ടിക്ക് പണമടയ്ക്കാം.കുട്ടി നടത്തുന്ന ഓരോ പെയ്‌മെന്റിനും രക്ഷിതാവിന്റെ ഫോണില്‍ റിക്വസ്റ്റ് വരും. രക്ഷിതാവ് അത് അംഗീകരിച്ചാല്‍ മാത്രമേ പണം കൈമാറൂ. ഈ പുതിയ ഫീച്ചറിനെക്കുറിച്ച് തെറ്റായ വിവരങ്ങളും ഇത് തട്ടിപ്പാണെന്ന തരത്തിലുള്ള ഓഡിയോ സന്ദേശങ്ങളും വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായ സുരക്ഷിത ഫീച്ചറാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സെക്കന്‍ഡറി ഉപയോക്താവിന്റെ വിവരങ്ങള്‍ രക്ഷിതാവ് കൃത്യമായി സ്ഥിരീകരിക്കണമെന്നത് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബാങ്കിംഗ് നിയമങ്ങളുടെ ഭാഗമാണ്.കുട്ടികള്‍ക്ക് സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ അവര്‍ക്ക് പണം ലഭ്യമാക്കാനും ഗൂഗിള്‍ പേയുടെ ഈ പുതിയ നീക്കം ഉപകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights