പ്രേമലു 2 ഉപേക്ഷിച്ചു, അതിന് പകരം എത്തുന്നതാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്; ദിലീഷ് പോത്തൻ

തിയേറ്ററിൽ നിന്ന് മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനത്തിൽ നസ്ലെൻ നായകനായി എത്തിയ പ്രേമലു. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ നേടിയിരുന്നു. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് ഒരു രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രേമലു 2 നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചു എന്ന സൂചന നൽകുകയാണ് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ദിലീഷ് പോത്തൻ.’പ്രേമലു 2′ ഡ്രോപ്പ് ആയല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ആലോചനകളിലൊക്കെയാണെന്നാണ്’ ദിലീഷിന്റെ മറുപടി. ‘അതിന് പകരമാണ് ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ കയറി വന്നിരിക്കുന്നത്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണ്‍ എയര്‍ കേരളയ്​ക്ക് നല്‍കിയ പ്രതികരണത്തില്‍ ആണ് ദിലീഷ് പോത്തന്‍ ഇക്കാര്യം പറഞ്ഞത്. ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഷൂട്ട് അവസാന ഘട്ടത്തിലാണെന്നും അടുത്ത ഷെഡ്യൂള്‍ ഗോവയിലാണെന്നും ദിലീഷ് പറ‍ഞ്ഞു. ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. അതേസമയം സിനിമയിലെ പ്രധാന നടനായ നസ്ലെന് സ്ക്രിപ്റ്റ് വർക്ക് ആകാതെ പോയതാണ് സിനിമ ഉപേക്ഷിക്കാനുള്ള കാരണമെന്ന് ചില ഓൺലൈൻ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു.ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.നിവിൻ പോളിയെ നായകനാക്കി ഒരുങ്ങുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഗിരീഷ് എ ഡി ചിത്രം. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന സിനിമയിൽ മമിത ബൈജു ആണ് നായിക. 2026 ഓണം റിലീസായി ചിത്രം തിയേറ്ററിൽ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. നാട്ടിൻപുറത്തെ ഒരു റൊമാന്റിക് കോമഡി ചിത്രമാകും ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന് നിവിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights