കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ വടകരയില്‍ നിന്നും കാണാതായ ആയിഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയെന്നാണ് വിവരം. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ, സഹയാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ വിഷ്ണു രാവിലെ സഹോദരനെ ഫോണില്‍ വിളിക്കുകയായിരുന്നു.താന്‍ ജീവനോടെയുണ്ടെന്നും, സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വീട്ടിലേക്ക് വരാന്‍ തല്‍ക്കാലം താല്‍പ്പര്യപ്പെടുന്നില്ലെന്നും വിഷ്ണു അറിയിച്ചു. എന്നാല്‍ വീട്ടുകാര്‍ കടുത്ത മനഃപ്രയാസത്തിലൂടെയാണ് പോകുന്നതെന്നും, വീട്ടിലേക്ക് മടങ്ങി വരണമെന്നും അനുജന്‍ വിഷ്ണുവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയായിരുന്നു.
ഇതിനിടെ സിആര്‍പിഎഫില്‍ ജോലി ചെയ്യുന്ന അമ്മാവന്റെ ഫോണ്‍ നമ്പറും ശേഖരിച്ച് വിഷ്ണു വിളിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പയ്യന്നൂരിലെത്തി വിഷ്ണുവിനെ കണ്ടു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വിഷ്ണുവിനെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി പൊലീസ് വിഷ്ണുവില്‍ നിന്നും മൊഴിയെടുക്കും.ഇക്കഴിഞ്ഞ ഏപ്രില്‍ 13 നാണ് 25 കാരനായ വിഷ്ണുവിനെ കാണാതായത്. ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. പതിനായിരം രൂപയാണ് 25 കാരനായ വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ലോണ്‍ ആപ്പ് മാഫിയാ സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.








