കല്‍പറ്റ നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാന്‍ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം

വേനല്‍ മഴയുടെ സാഹചര്യത്തില്‍ കല്‍പറ്റ ടൗണിലും പരിസര പ്രദേശങ്ങളിലും ഉണ്ടായേക്കാവുന്ന വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും അടിയന്തര യോഗം ചേര്‍ന്നു. ടൗണ്‍ഷിപ്പിന് സമീപത്തെ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കര്‍മ്മപദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. പലയിടങ്ങളിലും മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് വെള്ളക്കെട്ട് ഭീഷണി ഉണ്ടാക്കുന്നതായി യോഗം വിലയിരുത്തി. ടൗണ്‍ഷിപ്പിലെ ഓടകളും തോടുകളും അടിയന്തരമായി വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുകാന്‍ സൗകര്യമൊരുക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വെള്ളക്കെട്ട് തടയുന്നതിനായി ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് എന്‍ജിനീയര്‍മാര്‍ പ്രൊപ്പോസല്‍ തയ്യാറാക്കും. നഗരസഭ, കെഎസ്ഇബി, വിവിധ വകുപ്പുകള്‍, യു എല്‍ സി സി എന്നിവര്‍ ഏകോപിതമായി പ്രവര്‍ത്തിക്കും. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് താത്കാലിക സംവിധാനം ഒരുക്കുന്നതിനൊപ്പം ശാശ്വതമായ പരിഹാരത്തിന് നിര്‍ദേശങ്ങള്‍ നല്‍കും.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പറ്റ നഗരസഭാ അധ്യക്ഷന്‍ പി വിശ്വനാഥന്‍, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ജെ.ഒ അരുണ്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എം.കെ ഇന്ദു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights