വടുതലയിലെ കൂട്ടമരണം; കുട്ടികള്‍ക്ക് നല്‍കിയ വിഷപദാര്‍ഥം വാങ്ങിയത് ഓണ്‍ലൈനില്‍? ഫോണുകള്‍ പരിശോധിക്കാന്‍ പോലീസ്

കൊച്ചി: കൊച്ചി വടുതല കര്‍ഷക റോഡിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുടുംബാംഗങ്ങളായ അഞ്ചുപേര്‍ക്കും കൊച്ചിയില്‍ അന്ത്യവിശ്രമം. പച്ചാളം വൈദ്യുതി ശ്മശാനത്തില്‍ ഞായറാഴ്ച വൈകീട്ടോടെ അഞ്ചുപേരുടെയും സംസ്‌കാരം നടന്നു.
തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് കനകവിഹാറില്‍ സുരേന്ദ്രന്‍ നായരുടെ ഭാര്യ ശ്രീകുമാരി (59), മകള്‍ അശ്വതി എസ്. നായര്‍ (36), മക്കളായ കാര്‍ണിവന്‍ (14), കീര്‍ത്തിവന്‍ (അഞ്ച്), അക്ഷിത (രണ്ട്) എന്നിവരെയായിരുന്നു ശനിയാഴ്ച രാവിലെയോടെ വടുതലയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ കൊച്ചിയിലെത്തിയിരുന്നു. തിരുവനന്തപുരത്തേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അറിയിച്ചതോടെ മേയര്‍ വി.കെ. മിനിമോള്‍, കൗണ്‍സിലര്‍ ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പച്ചാളം ശ്മശാനത്തില്‍ സംസ്‌കാരത്തിനുള്ള സംവിധാനം ഒരുക്കി നല്‍കി. വൈകീട്ട് ആറുമണിയോടെയാണ് സംസ്‌കാരം നടന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.
രണ്ടുമാസം മുന്‍പാണ് അശ്വതിയും കുട്ടികളും അമ്മയും മൂത്തമകന്റെ ചികിത്സാര്‍ഥം വടുതലയില്‍ വീട് വാടകയ്ക്കെടുത്തത്. വീട്ടില്‍ ആളനക്കം കാണാത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ വീട്ടുടമയുടെ സഹോദരന്റെ മകന്‍ വന്ന് നോക്കിയപ്പോഴാണ് മരണവിവരം പുറത്തുവരുന്നത്.

കരള്‍രോഗ ബാധിതനായിരുന്ന അശ്വതിയുടെ ഭര്‍ത്താവ് അക്ഷത് ഏഴുമാസം മുന്‍പ് ജീവനൊടുക്കിയിരുന്നു. ഈ ആഘാതത്തിന് പിന്നാലെ കുടുംബത്തില്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായി. പോലീസിന് ലഭിച്ച ആത്മഹത്യാകുറിപ്പിലും കടുത്ത കുടുംബപ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്.

ഫോണുകള്‍ പോലീസ് പരിശോധിക്കുന്നു

മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കുട്ടികള്‍ക്ക് നല്‍കിയ വിഷപദാര്‍ഥം തരപ്പെടുത്തിയത് ഓണ്‍ലൈനിലൂടെയാണെന്ന് പോലീസ് സംശയിക്കുന്നു. ഇവരുടെ ഫോണുകള്‍ പരിശോധനയ്ക്കായി പോലീസ് എടുത്തിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനയും നടത്തും. ഇവയുടെ റിപ്പോര്‍ട്ട് വന്നാലേ മരണകാരണം പൂര്‍ണമായി വ്യക്തമാകൂ. വടുതലയില്‍ വാടകയ്ക്ക് താമസം ആരംഭിച്ചതു മുതല്‍ കുടുംബം ഭക്ഷണവും മറ്റുമെല്ലാം ഓണ്‍ലൈനിലൂടെയാണ് വാങ്ങിയിരുന്നത്. പുറത്തുപോകുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ഓണ്‍ലൈനിലൂടെയാകും വിഷപദാര്‍ഥവും വാങ്ങിയതെന്ന സംശയം പോലീസിന് ബലപ്പെട്ടത്. മൂന്ന് കുപ്പി വിഷപദാര്‍ഥമാണ് വാങ്ങിയത്. ഇതില്‍ രണ്ടെണ്ണമാണ് ഉപയോഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ തിരുവനന്തപുരത്ത് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ കുറച്ചുനാള്‍ മുന്‍പ് പോയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് നോര്‍ത്ത് എസ്.എച്ച്.ഒ. എ. അനൂപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights