ആരെയും പിന്തുണയ്ക്കാതെ എട്ടുപേര്‍, എംഎല്‍എമാരോട് രണ്ടു ചോദ്യങ്ങള്‍; രാഹുലിന്റെ നിലപാട് നിര്‍ണായകം

ന്യൂഡല്‍ഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഇന്നലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന നിയമസഭ കക്ഷിയോഗത്തില്‍ കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടിയിരുന്നു. മുഖ്യമന്ത്രിയായി ആരു വരണം, അതിനുള്ള കാരണം എന്നീ ചോദ്യങ്ങളാണ് ചോദിച്ചത്. അതിനുശേഷം ഘടകകക്ഷി നേതാക്കളുമായും സംസാരിച്ചിരുന്നു.സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇന്ന് കൈമാറിയേക്കും. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെയും സ്ഥിതിഗതികള്‍ ധരിപ്പിക്കും. എംഎല്‍എമാരുടെ പിന്തുണ കൂടുതല്‍ കെസി വേണുഗോപാലിനാണെങ്കിലും, പൊതുജന വികാരം വി ഡി സതീശന് അനുകൂലമാണ് എന്നത് ഹൈക്കമാന്‍ഡിന് പരിഗണിക്കാതിരിക്കാനാകില്ല. അന്തിമ തീരുമാനത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണായകമായിരിക്കും.

മുഖ്യമന്ത്രി പദം പിടിക്കാനുറച്ചാണ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ കേന്ദ്ര നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. അണിയറയില്‍ ആസൂത്രിത നീക്കങ്ങളും നടന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തങ്ങളുടെ അര്‍ഹതയാണ് വിഡി സതീശനും രമേശ് ചെന്നിത്തലയും കേന്ദ്രനിരീക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. തുടര്‍തോല്‍വികളിലായി രണ്ടാംവട്ടം പ്രതിപക്ഷത്തിരുന്ന മുന്നണിയുടെ നേതൃത്വം ഏറ്റെടുത്ത താന്‍ ഇതുവരെ കോണ്‍ഗ്രസിന് ഉണ്ടാകാത്ത വിജയത്തിലേക്കാണ് നയിച്ചതെന്ന് വിഡി സതീശന്‍ അറിയിച്ചു.തെരഞ്ഞെടുപ്പില്‍ നയിച്ച താനെടുത്ത നിലപാടുകള്‍ പൊതുസമൂഹം ആകെ അംഗീകരിച്ചതാണ്. എംഎല്‍എമാരുടെ എണ്ണം മാത്രം നോക്കി തീരുമാനമെടുക്കരുതെന്നും സതീശന്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ യുഡിഎഫിന്റെ തോല്‍വി പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവെന്നനിലയില്‍ താന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. മുന്നണിക്കുള്ളിലും പുറത്ത് സാമൂഹിക സംഘടനകളുമായും മികച്ചബന്ധം പുലര്‍ത്തുന്നു. മുഖ്യമന്ത്രിയാകാന്‍ തന്റെ അവസാനത്തെ അവസരമാണെന്നും ചെന്നിത്തല പറഞ്ഞു.കെ സി വേണുഗോപാല്‍ കേന്ദ്ര നിരീക്ഷകരമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നില്ല. പാർലമെന്ററി പാർട്ടി അംഗങ്ങളിൽ 47 പേർ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെസി വേണുഗോപാലിന്റെ പേര് ഉന്നയിച്ചുവെന്നാണ് കെസി പക്ഷം പറയുന്നത്. എ ഗ്രൂപ്പിലെ 18 പേർ കെസിയെ അനുകൂലിച്ചുവെന്നാണ് വിവരം. 35 പേരുടെ പിന്തുണയാണ് 35 സതീശനൊപ്പമുള്ളവർ ഉറപ്പിക്കുന്നത്. 23 പേരുടെ പിന്തുണയിലാണ് ചെന്നിത്തലയുടെ വിശ്വാസം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കം എട്ടുപേർ ആരുടെയും പേർ നിർദേശിച്ചില്ല. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന സ്വതന്ത്രനിലപാടാണ് സന്ദീപ് വാര്യർ, രമേഷ് പിഷാരടി, ചാണ്ടി ഉമ്മൻ എന്നിവരുൾപ്പെടെയുള്ളവർ സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights