ലഹരി മാഫിയയുടെ തടങ്കലില്‍ നിന്ന് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ്; രണ്ട് പേര്‍ പിടിയില്‍

താമരശ്ശേരി: ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയി വാടക വീട്ടില്‍ പൂട്ടിയിട്ടിരുന്ന മാനന്തവാടി സ്വദേശിയായ യുവാവിനെ താമരശ്ശേരി പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. ബാംഗ്ലൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന എള്ളുമന്ദം കല്ലായി മുഹമ്മദ് സാജിദിനെ (30) ആണ് പോലീസ് മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലഹരി വില്‍പ്പന സംഘത്തിലെ പ്രധാനികളായ കൊടുവള്ളി കളരാന്തിരി വട്ടോത്ത് പുറായില്‍ അപ്പാപ്പന്‍ എന്ന ശിഹാബ് (40), വാവാട് പാലക്കുന്നുമ്മല്‍ ആക്കോയി എന്ന അശ്വിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരി സംഘം എം.ഡി.എം.എ വാങ്ങുന്നതിനായി ബാംഗ്ലൂരിലെത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഇടനിലക്കാരന് ഒന്നര ലക്ഷം രൂപ കൈമാറിയെങ്കിലും വാഗ്ദാനം ചെയ്ത ലഹരിമരുന്ന് ലഭിച്ചില്ല. പണം തിരികെ കിട്ടാതായതോടെ പ്രകോപിതരായ സംഘം ഇടനിലക്കാരന്റെ സുഹൃത്താണെന്ന് ആരോപിച്ച് സാജിദിനെ ബലമായി തട്ടിക്കൊണ്ടുവരികയായിരുന്നുവെന്നാണ് പരാതി.
താമരശ്ശേരി മുടൂര്‍ വെളിമണ്ണ റോഡിലെ ശിഹാബിന്റെ വാടക വീട്ടിലെ മുകള്‍ നിലയിലായിരുന്നു സാജിദിനെ പാര്‍പ്പിച്ചിരുന്നത്. നാല് ദിവസത്തോളം ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഇയാള്‍ക്ക് ഭക്ഷണവും നല്‍കിയിരുന്നില്ലെന്ന് പറയുന്നു.ലഹരിമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡാന്‍സാഫ് സംഘവും താമരശ്ശേരി പോലീസും സംയുക്തമായി ശിഹാബിന്റെ വാടക വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് മുകള്‍ നിലയിലെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ സാജിദിനെ കണ്ടെത്തിയത്.
തങ്ങള്‍ക്ക്‌നഷ്ടപ്പെട്ട പണമോ, അല്ലെങ്കില്‍ ലഹരിമരുന്നോ തിരികെ നല്‍കാതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തി വടിയും കമ്പിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സാജിദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights