ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ നടത്താനിരുന്ന ആക്രമണം മാറ്റിവെച്ചു: പ്രഖ്യാപനവുമായി ട്രംപ്

ന്യൂയോർക്ക്: ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന ആക്രമണം മാറ്റി വെയ്ക്കുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾ‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപിൻ്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നിർദ്ദേശത്തിന് മറുപടി നൽകിയതായി ഇറാൻ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിൻ്റെ പൊടുന്നനെയുള്ള സോഷ്യൽ മീഡിയ പ്രഖ്യാപനം പുറത്ത് വന്നത്. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ ഇറാനുമായി സംസാരിക്കുന്ന പശ്ചാത്തലത്തിൽ ആക്രമണം രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.ടെഹ്‌റാനുമായി ​ഗൗരവമായ ചർ‌ച്ചകൾ നടക്കുന്നതിനാൽ ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ചൊവ്വാഴ്ച ഇറാനെതിരെ നടത്താൻ നിശ്ചയിച്ചിരുന്ന ആക്രമണം മാറ്റിവയ്ക്കുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ തടയുന്ന ഒരു കരാറിലെത്താൻ കഴിഞ്ഞാൽ അമേരിക്ക തൃപ്തരാണെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ വഴി ഇറാൻ യുഎസിന് പുതിയ 14 പോയിന്റ് നിർദ്ദേശം സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. രാജ്യം ഒരു ശക്തിക്കും വഴങ്ങില്ലെന്ന് നേരത്തെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ നേരത്തെ പ്രതികരിച്ചിരുന്നു. സംഘർഷങ്ങൾക്കിടയിലും പാകിസ്ഥാൻ വഴി നയതന്ത്ര പ്രക്രിയ തുടരുന്നുവെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് തിങ്കളാഴ്ച മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു. സമാധാനപരമായ മാർഗങ്ങളിലൂടെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പാകിസ്ഥാൻ്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനിടെ ഹോർമൂസ് കടലിടുക്ക് നിയന്ത്രിക്കുന്നതിനായി പേർഷ്യൻ ഗൾഫ് കടലിടുക്ക് അതോറിറ്റി (PSGA) എന്ന പുതിയസംവിധാനം ഇറാൻ രൂപീകരിച്ചിട്ടുണ്ട്. കടലിടുക്ക് കടക്കാൻ ആഗ്രഹിക്കുന്ന എല്ലാ കപ്പലുകൾക്കും PGSA-യിൽ നിന്ന് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കണമെന്നാണ് പുതിയ സംവിധാനം നിഷ്കർഷിക്കുന്നത്. തങ്ങളുടെ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഏതൊരു നീക്കവും നിയമവിരുദ്ധമായി കണക്കാക്കുമെന്നാണ് ഇറാൻ പുതുതായി രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി (പിജിഎസ്എ) വ്യക്തമാക്കിയിരിക്കുന്നത്.

ഇറാൻ്റെ തുറമുഖങ്ങൾ ഉപരോധിക്കാൻ തുടങ്ങിയതിനുശേഷം കുറഞ്ഞത് 85 കപ്പലുകളെങ്കിലും വഴിതിരിച്ചുവിട്ടുവെന്നാണ് അമേരിക്കൻ സൈന്യം പറയുന്നത്. ഇതിനിടെ അയർലൻഡ് പ്രസിഡന്റിന്റെ സഹോദരി ഉൾപ്പെടെ ഗാസയിലേക്ക് പോകുന്ന സഹായ കപ്പലിൽ ഉണ്ടായിരുന്ന നൂറുകണക്കിന് ആളുകളെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights