മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ബത്തേരി കോടതിയുടെ നിര്‍ദേശപ്രകാരം വീണ്ടും കണക്കെടുപ്പ് നടത്തിയതിന് പിന്നാലെയാണ് മഹസര്‍ സമര്‍പ്പിച്ചത്. പിടിച്ചെടുത്ത മരങ്ങള്‍ വിട്ടു നല്‍കാനായി കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വീണ്ടും കണക്കെടുപ്പ് നടത്തിയത്. മരങ്ങളുടെ 800 കഷ്ണങ്ങളോളം ആണ് കുപ്പാടിയിലെ ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്നത്. മഹസര്‍ സമര്‍പ്പിച്ചതോടെ മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികളും വൈകാതെ ആരംഭിക്കും.
പിടിച്ചെടുത്ത മരങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദം ഉയര്‍ത്തി കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. പ്രതികള്‍ക്ക് തിരിച്ചടിയാകുന്ന വിധം പരാമര്‍ശങ്ങളുടെ അപ്പീല്‍ കോടതി തള്ളിയിരുന്നു. തടികള്‍ സര്‍ക്കാരിന്റേതല്ല എന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ലെന്നായിരുന്നു അന്ന് കോടതിയുടെ പരാമര്‍ശം. മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് 36 ഓളം കേസുകളുടെ കുറ്റപത്രങ്ങള്‍ ഇതിനോടകം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.









