കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിനുള്ളില്‍ തീപിടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചതിന് പിന്നാലെ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂര്‍ പൂവുത്തുംചാലില്‍ സ്വദേശി രജിന്‍ ലാലാണ് (38) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഈ മാസം 15ന് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആറുമാസം ഗര്‍ഭിണിയായ സോനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് ആയി ഭര്‍ത്താവ് കൊണ്ട് പോയിരുന്നു. ഇരുവരും തിരികെ മടങ്ങുമ്പോഴാണ് കാറിന് തീ പിടിച്ചത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ ഭാര്യ സോന കൊല്ലപ്പെട്ടു. ശരീരത്തില്‍ 60 ശതമാനം പൊള്ളലേറ്റ രജിന്‍ലാലിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുക ആയിരുന്നു.
അതേ സമയം, ചെറുവണ്ണൂരിലെ കാര്‍ കത്തിയ സംഭവത്തില്‍ സോനയുടെ ഭര്‍ത്താവ് രജിന്‍ലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. രജിനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് തൊട്ട് മുന്‍പും താന്‍ അനുഭവിച്ച പീഡനങ്ങള്‍ സഹോദരിയോട് സോന പറഞ്ഞിരുന്നു.
ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയില്‍ എത്തിയ സോന കന്നാസില്‍ പെട്രോള്‍ വാങ്ങുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തല്‍.









