ഇതാകണം, ഇങ്ങനെയാകണം ക്യാപ്റ്റന്‍; കൈയടി നേടി രജത് പാട്ടിദാര്‍

‘ഈ സാല കപ്പ് നാംഡെ..’ ഐപിഎലില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ മോട്ടോയാണ് ഇത്. ഓരോ സീസണിലും വലിയ പ്രതീക്ഷകളോടെയെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കപ്പ് നേടാത്ത കാലത്തോളമെല്ലാം ഈ വാക്കുകള്‍ പരിഹാസത്തിനിടയാക്കി. ഒടുവില്‍ 2025 ജൂണ്‍ മൂന്നിന് അവര്‍ അത് ഉറക്കെ പ്രഖ്യാപിച്ചു, ഈ സാലാ കപ്പ് നാംഡെ എന്ന്. അന്നാ കലാശപ്പോരില്‍ പഞ്ചാബ് കിങ്‌സിനെ ആറുറണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി കിരീടം സ്വന്തമാക്കിയത്. രജത് പാട്ടിദാറിന്റെ നായക മികവിലായിരുന്നു നേട്ടം. അന്നത്തെ കിരീടധാരണത്തിന് ശേഷം ടീമിന് വലിയ ആത്മവിശ്വാസമായി. ഈ സീസണില്‍ നിലവിലെ ജേതാക്കളെന്ന ഖ്യാതിയോടെയാണ് ടീമിന്റെ കളി. അതുതന്നെയാണ് മൈതാനത്ത് ഫലിക്കുന്നതും. 14 കളിയില്‍ ഒമ്പതും ജയിച്ച് 18 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. ആദ്യമത്സരത്തില്‍ത്തന്നെ ജയത്തോടെ ഫൈനലിലേക്ക്. ഇനി കാത്തിരിപ്പാണ്, ആരാകും എതിരാളിയെന്നറിയാന്‍.രജത് പാട്ടിദാര്‍ എന്ന കളിക്കാരന്റെയും ക്യാപ്റ്റന്റെയും മികവ് ടീമിന് എടുത്തുപറയേണ്ടതാണ്. ഗുജറാത്തിനെതിരെ 92 റണ്‍സിനാണ് ടീമിന്റെ ജയം. മത്സരത്തില്‍ 33 പന്തില്‍ 93 റണ്‍സെടുത്ത രജത് പാട്ടിദാറിന്റെ പ്രകടനം തന്നെയാണ് മത്സരത്തില്‍ നിര്‍ണായകമായതും. 33 പന്തില്‍ ഒമ്പത് സിക്‌സും അഞ്ചുഫോറും ഉള്‍പ്പടെയാണ് പാട്ടിദാര്‍ സെഞ്ചുറിയോളം പോന്ന 93 റണ്‍സിലെത്തിയത്. താരത്തിന്റെ മികവില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു 254 റണ്‍സെടുത്തു. വിരാട് കോഹ്ലിയും (43), ക്രുണാല്‍ പാണ്ഡ്യയും (43) വിജയവഴിയില്‍ തങ്ങളുടേതായ ഭാഗം ഭംഗിയായി നിറവേറ്റി. ഇത് അഞ്ചാം തവണയാണ് ആര്‍സിബി ഫൈനല്‍ കളിക്കുന്നത്. 2009, 2011, 2016, 2025 എന്നീ വര്‍ഷങ്ങളിലാണ് നേരത്തെ ഫൈനലിലെത്തിയത്. ഇതില്‍ 2025ലാണ് കിരീടം കൊണ്ട് ആര്‍സിബി അനുഗ്രഹിക്കപ്പെട്ടത്.

ഈ സീസണില്‍ രജത് പാട്ടിദാറിന്റെ ഏറ്റവും മനോഹരമായ ഇന്നിങ്‌സായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളിച്ചത്. ഗുജറാത്ത് ബൗളര്‍മാരെല്ലാം ആര്‍സിബി ക്യാപ്റ്റന്റെ ബാറ്റിങ് ചൂടറിഞ്ഞു. ഐപിഎല്‍ പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും വലിയ ടീം ടോട്ടലാണ് ഇന്നലെ രജത് പാട്ടിദാറിന്റെ മികവില്‍ ബെംഗളൂരു കുറിച്ചത്. 2023ല്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 233 എന്ന ടോട്ടലാണ് മറികടന്നത്.വെങ്കടേഷ് അയ്യരുടെ മികച്ച തുടക്കം ആര്‍സിബിക്ക് മുതല്‍ക്കൂട്ടായി. ആദ്യപന്തുതന്നെ ബൗണ്ടറി കടത്തിയ വെങ്കടേഷ്, ഒന്നാം ഓവറില്‍ത്തന്നെ ആര്‍സിബിയുടെ നയം പ്രഖ്യാപിച്ചു. അടിച്ചൊതുക്കുക എന്നായിരുന്നു ആര്‍സിബിയുടെ ലക്ഷ്യം. കഗീസോ റബാദയെയും സിക്‌സറടിച്ച് അദ്ദേഹം ഞെട്ടിച്ചെങ്കിലും അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. പക്ഷെ, വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും വെങ്കടേഷ് അയ്യര്‍ തുടക്കമിട്ട വേഗതയില്‍ത്തന്നെ മുന്നോട്ടുകൊണ്ടുപോയതോടെ ആര്‍സിബിയുടെ സ്‌കോര്‍ കുതിച്ചു. പവര്‍പ്ലേയില്‍ മാത്രം ഒരുവിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെടുത്തു. ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ പവര്‍ പ്ലേ സ്‌കോറാണിത്. ഒമ്പതാം ഓവറില്‍ ഒന്നിടവിട്ട പന്തുകളില്‍ വിരാട് കോഹ്ലിയെയും ദേവ്ദത്ത് പടിക്കലിനെയും പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ടീമിനെ ഞെട്ടിച്ചു. പക്ഷെ, പിന്നീടെത്തിയ രജത് പാട്ടിദാറും ക്രുണാല്‍ പാണ്ഡ്യയും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഗുജറാത്ത് ബൗളര്‍മാര്‍ വിയര്‍ത്തു. മധ്യ ഓവറുകളില്‍ ഇരുവരും അല്‍പനേരം മന്ദഗതിയിലായെങ്കിലും അവസാന അഞ്ചുഓവറുകളില്‍ കൂറ്റനടികളായിരുന്നു. രജത് പാട്ടിദാറിന്റെ പ്രകടനം തന്നെയാണ് ഇവിടെ നിര്‍ണായകമായതും.

ഈ സീസണില്‍ 14 മത്സരങ്ങളില്‍നിന്ന് 486 റണ്‍സാണ് രജത് പാട്ടിദാറിന്റെ സമ്പാദ്യം. അഞ്ച് അര്‍ധ സെഞ്ചുറികളാണ് സീസണില്‍ അദ്ദേഹം നേടിയത്. 41 സിക്‌സറുകളും 29 ഫോറുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഈ സീസണില്‍ ടീമിന് തിരിച്ചടികള്‍ നേരിട്ടപ്പോഴും താരത്തിന്റെ നേതൃഗുണവും ബാറ്റിങ് മികവുമെല്ലാം ആര്‍സിബിയെ തുണച്ചു. ഐപിഎലില്‍ വമ്പന്മാര്‍ കളിച്ചപ്പോഴൊന്നും കിട്ടാത്ത കിരീടം നേടിക്കൊടുത്തതും തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്ക് എത്തിച്ച് രണ്ടാം കിരീടമെന്ന സ്വപ്‌നവും അരികെയാണ്. കളിക്കളത്തില്‍ ശാന്തമായ പ്രകൃതമാണ് പാട്ടിദാറിന്റെ മുഖമുദ്ര. സഹതാരങ്ങളുടെയും ടീമിന്റെയും നിറഞ്ഞ പിന്തുണയും രജത് പാട്ടിദാറെന്ന ക്യാപ്റ്റന് ജയം സാധ്യമാക്കുന്നു.

റെക്കോഡ് പുസ്തകത്തിലും രജത് പാട്ടിദാറിന്റെ പേരുണ്ട്. ടി20 ക്രിക്കറ്റിലെ ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ക്യാപ്റ്റനാണ് രജത് പാട്ടിദാര്‍. ഈ ടൂര്‍ണമെന്റില്‍ 41 സിക്‌സറുകള്‍ നേടിയാണ് പാട്ടിദാര്‍ ചരിത്രനേട്ടം പേരിലാക്കിയത്. നേരത്തെ, റിയാന്‍ പരാഗിന്റെ പേരിലുള്ള നേട്ടമാണ് അദ്ദേഹം തിരുത്തിയത്. 2023-24 സീസണ്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു റയാന്‍ പരാഗിന്റെ നേട്ടം. ഐപിഎലില്‍ ഈ റെക്കോഡ് ശ്രേയസ് അയ്യരുടെ പേരിലായിരുന്നു. 39 സിക്‌സുകളാണ് ക്യാപ്റ്റനായ ശ്രേയസ് നേടിയിരുന്നത്. ഇതും തിരുത്തിക്കുറിച്ചു. സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള പാട്ടിദാറിന്റെ കഴിവ് വലിയ പ്രശംസ നേടുകയാണ്. ടീമിന്റെ തകര്‍ച്ചയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും വിജയത്തിലെത്തിക്കാനും അദ്ദേഹത്തിനാകുന്നു. എതിരാളികളുടെ ദൗര്‍ബല്യങ്ങളെ മനസ്സിലാക്കി ബൗളിങ് മാറ്റങ്ങളും ഫീല്‍ഡിങ് വിന്യാസവും രജത് പാട്ടിദാറിന്റെ പ്രത്യേകതയാണ്. ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റന്‍ മെറ്റീരിയലാണ് രജത് പാട്ടിദാറെന്ന് നിസ്സംശയം പറയാം. ക്യാപ്റ്റന്‍ കൂളെന്ന വിശേഷണത്തിനും അര്‍ഹനാണ് രജത് പാട്ടിദാര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights