‘ഇറങ്ങെടാ അവിടുന്ന്’… വ്യാപാരികളും പഞ്ചായത്ത് മെമ്പറും ചേർന്ന് തമിഴ്നാട് സ്വദേശിയുടെ കച്ചവടം പൂട്ടിച്ചു; നാട് ഒന്നാകെ ഇറങ്ങി കട തുറപ്പിച്ചു

കോഴിക്കോട്: നാദാപുരത്ത് വ്യാപാരികളുടെ ഇടപെടലിനെ തുടർന്ന് അടപ്പിച്ച തമിഴ്നാട് സ്വദേശിയുടെ കട നാട്ടുകാർ ഇടപെട്ട് വീണ്ടും തുറപ്പിച്ചു. തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരനെതിരെ സ്വീകരിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു.

പ്ലാസ്റ്റിക് സാധനങ്ങൾ വിൽക്കുന്ന കടയിലേക്കാണ് വ്യാഴാഴ്ച രാവിലെ ഒരു വിഭാഗം വ്യാപാരികളും നാദാപുരം പഞ്ചായത്ത് അംഗം കാണെക്കൽ അബാസും എത്തിയത്. തുടർന്ന് കട നിർബന്ധിച്ച് അടപ്പിക്കുകയായിരുന്നു. പഞ്ചായത്ത് ലൈസൻസോ ജിഎസ്ടി രജിസ്ട്രേഷനോ ഇല്ലാതെയാണ് കട പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു നടപടി. വ്യാപാരിയോട് രൂക്ഷമായി സംസാരിച്ചതായും ആരോപണമുണ്ട്.പകൽ സമയത്ത് നടന്ന സംഭവത്തെക്കുറിച്ച് വിവരം അറിഞ്ഞതോടെ വൈകിട്ടോടെ നാട്ടുകാർ ഒന്നടങ്കം വ്യാപാരിക്ക് പിന്തുണയുമായി രംഗത്തെത്തി. തുടർന്ന് വ്യാപാരികൾ അടപ്പിച്ച കട നാട്ടുകാരുടെ നേതൃത്വത്തിൽ വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുകയായിരുന്നു.

അന്യ സംസ്ഥാനത്തു നിന്നെത്തി ഇവിടെ വ്യാപാരം നടത്തുന്ന വ്യക്തിക്ക് ആവശ്യമായ എല്ലാ പിന്തുണയും സംരക്ഷണവും നൽകുമെന്ന് നാട്ടുകാർ പരസ്യമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കടയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നാട്ടുകാരുടെ പിന്തുണ അറിയിക്കുന്നതിനായി നിരവധി പേരാണ് കടയിലെത്തിയത്. വ്യാപാരികളുടെ ഏകപക്ഷീയമായ നടപടിക്കെതിരെയാണ് നാട്ടുകാർ ഒന്നിച്ച് അണിനിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights