മീററ്റ്: ഇൻസ്റ്റഗ്രാം പോസ്റ്റിനെ തുടർന്ന് മെറ്റയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ 25കാരൻ്റെ ജീവൻ രക്ഷിച്ച് മീററ്റ് പൊലീസ്. അലേർട്ട് ലഭിച്ച് എട്ട് മിനിറ്റിനുള്ളിൽ പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് 25കാരൻ്റെ ജീവൻ രക്ഷിക്കാൻ പൊലീസ് കഴിഞ്ഞത്. സ്വയം ദ്രോഹം ചെയ്യുന്ന പോസ്റ്റുകൾ അധികാരികൾക്ക് മുന്നറിയിപ്പ് നൽകുന്ന വിധത്തിൽ
ഉത്തർപ്രദേശ് പൊലീസും മെറ്റയും തമ്മിലുള്ള ഏകോപന സംവിധാനം നിലവിലുണ്ട്. ഇതിലൂടെയാണ് 25കാരൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.
ജൂൺ 7 ന് വെളുത്ത നിറമുള്ള ഒരു ദ്രാവകം കുടിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. അബ് തും ഖുഷ് റെഹ്ന അപ്നി ലൈഫ് മേം (ഇനി നീ നിന്റെ ജീവിതത്തിൽ സന്തുഷ്ടനായിരിക്കുക) എന്ന സന്ദേശമാണ് വീഡിയോയുടെ താഴെ ഉണ്ടായിരുന്നതെന്നും പൊലീസ് പുറത്തിറക്കിയ സന്ദേശത്തിൽ പറഞ്ഞു. മീററ്റിലെ സർദാന പ്രദേശത്തെ താമസക്കാരനാണ് യുവാവ്.യുവാവിൻ്റെ പോസ്റ്റ് സംബന്ധിച്ച് പൊലീസ് ആസ്ഥാനത്തെ സോഷ്യൽ മീഡിയ സെന്ററിലേക്ക് വൈകുന്നേരം 6.53 ന് മെറ്റയുടെ മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. ഡയറക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരം ലഭ്യമായ മൊബൈൽ നമ്പറും ലൊക്കേഷൻ വിശദാംശങ്ങളും അടിസ്ഥാനമാക്കി കേന്ദ്രം ഉടൻ തന്നെ മീററ്റ് പൊലീസിനെ വിവരം അറിയിച്ചു. സീനിയർ പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ സർധന പൊലീസ് യുവാവിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ യുവാവിൻ്റെ നില ഗുരുതരമായിരുന്നുവെന്നും സംശയാസ്പദമായ ഒരു ദ്രാവക പദാർത്ഥം അടങ്ങിയ ഒരു കുപ്പിയും സമീപത്ത് നിന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബാംഗങ്ങളുടെ സഹായത്തോടെ പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.
പ്രണയബന്ധം അവസാനിപ്പിച്ചതിനെത്തുടർന്ന് താൻ സമ്മർദ്ദത്തിലും വിഷാദത്തിലുമായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. യുവാവിനും കുടുംബാംഗങ്ങൾക്കും കൗൺസിലിംഗ് നൽകുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 2022 മുതൽ പ്രവർത്തിക്കുന്ന മെറ്റയുമായുള്ള ഏകോപന സംവിധാനത്തിന് കീഴിൽ ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ആത്മഹത്യയുമായി ബന്ധപ്പെട്ട പോസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉടനടി ഇടപെടലിനായി പൊലീസുമായി പങ്കിടുന്നുണ്ടെന്നും ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. 2023 ജനുവരി 1 മുതൽ 2026 മെയ് 31 വരെ അത്തരം മുന്നറിയിപ്പുകളിൽ നടപടി സ്വീകരിച്ചതിലൂടെ ഉത്തർപ്രദേശിലുടനീളം 3,011 പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായും പൊലീസ് പറഞ്ഞു.









