48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌

ഫുട്ബോൾ ലോകകപ്പിന് നാളെ കിക്ക് ഓഫ്‌. 48 ടീമുകൾ, 12 ഗ്രൂപ്പുകൾ അടങ്ങുന്ന വിശ്വ കായിക മാമാങ്കത്തിനു നാളെ പന്തുരുളുമ്പോൾ കിരീടപ്രതീക്ഷയിലാണ് മുൻനിര ടീമുകൾ. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ – ദക്ഷിണാഫ്രിക്കയെ നേരിടും. ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കിരീട പ്രതീക്ഷയിലാണ് പ്രധാന ടീമുകൾ.നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ലോകകിരീടം നിലനിർത്താമെന്ന മോഹവുമായാണ് ഇത്തവണ ഇറങ്ങുന്നത്. ലയണൽ മെസ്സിയുടെ സാന്നിധ്യവും ടീമിന്റെ ഒത്തിണക്കവും തന്നെയാണ് സ്കലോണിയുടെയും സംഘത്തിന്റെയും പ്രധാന കരുത്ത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ രണ്ടര പതിറ്റാണ്ടിന്റെ കിരീട വരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ ഉറച്ചാണ് ലോകക്കപ്പിന് എത്തുന്നത്.

കാർലോ ആഞ്ചലോട്ടിയെന്ന യൂറോപ്യൻ പരിശീലകനും വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ തുടങ്ങിയ പ്രധാന താരങ്ങളുടെ പ്രതിഭയിലുമാണ് കാനറികളുടെ പ്രതീക്ഷ. സുൽത്താൻ നെയ്മാർ തന്നെയാണ് ബ്രസീലിന്റെ ട്രം കാർഡ്. കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ എത്തുന്ന ഫ്രാൻ‍സ് ഇത്തവണ എന്തിനും പോന്ന സംഘമാണ്. എംബാപ്പെ, ഡിമ്പലെ, മൈക്കൽ ഓലീസെ എന്നിവർ നയിക്കുന്ന മുന്നേറ്റ നിര എതിർ ഗോൾമുഖത്തു അപകടം വിതയ്ക്കുമെന്ന് ഉറപ്പാണ്.നിലവിലെ യൂറോ ചാമ്പ്യൻമാരായ സ്പെയിൻ യുവനിരയുടെ കരുത്തുമായാണ് എത്തുന്നത്. ലാമിൻ യമാൽ, നിക്കോ വില്യംസ്, റോഡ്രി, പെഡ്രി എന്നിവരടങ്ങുന്ന സംഘം എതിരാളികൾക്ക് ഭീഷണിയാകുമെന്ന കാര്യത്തിൽ സംശയമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ടീമുമായി എത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആദ്യ കിരീടംമെന്ന സ്വപ്നവുമായാണ് ഇറങ്ങുന്നത്. കൂടാതെ പഴയ പ്രതാപമില്ലെങ്കിലും ആരെയും വീഴ്ത്താൻ ശേഷിയുള്ള ജർമനി,സൂപ്പർ താരം ഹാരി കൈൻ നയിക്കുന്ന ഇം​ഗ്ലണ്ട്, ഏത് കൊലകൊമ്പനെയും അട്ടിമറിക്കാൻ ത്രാണിയുള്ള നെതർലൻഡ് എന്നീ ടീമുകളും കിരീട പ്രതീക്ഷയിൽ മുൻപന്തിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights