മലപ്പുറം: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയിമറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷിച്ച് നടപടിയെടുക്കും എന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തെ മയക്കുമരുന്ന് മുക്തമാക്കണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വില്‍ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പലരും ഇപ്പോള്‍ ലഹരി ഉപേക്ഷിച്ചുവരുന്നുണ്ടെന്നും അവരുടെ പേര് വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പോക്‌സോ, ലഹരി ആരോപണങ്ങളില്‍ അഭിഭാഷകന്‍ പരാതി നല്‍കിയതിന് പിന്നാലെ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പോക്‌സോ കേസുകള്‍, നര്‍ക്കോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചാരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങളിലാണ് നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവ്. സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിഹാദും നിഹാദിന്റെ എംആര്‍എസ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്തവരെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്‌നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.സംഭവത്തില്‍ ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നല്‍കിയതായി അവകാശപ്പെട്ട് പിന്നീട് നിഹാദ് രംഗത്തെത്തി. തനിക്കെതിരായ ആരോപണങ്ങളെല്ലാം റീച്ചിന് വേണ്ടി ചെയ്യുന്നതാണെന്നും ക്രിമിനല്‍ കേസുകളും മാനനഷ്ട കേസുകളും തന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിഹാദ് പറഞ്ഞു. ‘സമൂഹത്തിന് മുന്നില്‍ ഒരാളെ നാറ്റിക്കാന്‍ പറ്റുന്നതെല്ലാം അവര്‍ ചെയ്തിട്ടുണ്ട്. ആരോപണം ഉന്നയിച്ചാല്‍ പോര. തെളിവ് വേണം. ഞാന്‍ പോക്‌സോ കേസോ നിര്‍ബന്ധിച്ച് അബോര്‍ഷനോ ചെയ്തിട്ടുണ്ടെങ്കില്‍ ഏതെങ്കിലും പെണ്ണ് പറയണം. എന്റെ വീട്ടില്‍ ഞാന്‍ ഇല്ലാത്തപ്പോള്‍ ഡ്രഗ്‌സ് കയറ്റി എന്റെ അലമാരയില്‍ നിന്നും എടുക്കുന്നതായി വീഡിയോ എടുത്തു. എത്രയോ മാസം മുന്നേ എടുത്തുവെച്ചതാണ് അത്. അവര്‍ വന്നകാലം മുതലുളള പ്ലാനിംഗാണ്. കേരളാ സര്‍ക്കാരിനോടും പൊലീസിനോടും പറയുകയാണ്, എല്ലാത്തിനെയും പിടിക്കണം. അപ്പോള്‍ സത്യങ്ങള്‍ പുറത്തുവരും’ എന്നാണ് നിഹാദ് പ്രതികരിച്ചത്.









