നീല അല്ലെങ്കിൽ കറുപ്പ് വെൽവെറ്റ് ബോക്സ് മെല്ലെ തുറക്കുന്നു… അതിൽ വെട്ടിത്തിളങ്ങുന്ന ഒരു വജ്രമോതിരം… മിക്ക ഹോളിവുഡ് സിനിമകളിലെയും പ്രൊപ്പോസൽ സീൻ ഇങ്ങനെ ആണ്. തീർന്നില്ല. ജീവിതത്തിലെ പ്രണയാർദ്രമായ നിമിഷങ്ങളിലും ഇതൊരു സ്ഥിരം കാഴ്ചയാണിപ്പോൾ. ഇത് കാണുന്ന നമ്മുടെ ശ്രദ്ധ ആ വജ്രത്തിലേക്ക് മാത്രമായിരിക്കും. എന്നാൽ വജ്രങ്ങൾ എപ്പോഴും ഇത്തരം വെൽവെറ്റ് ബോക്സുകളിൽ സൂക്ഷിക്കുന്നത് എന്തിനായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
വജ്രത്തിന്റെ ആഡംബര ഭംഗി കൂട്ടാനാണ് ഇത്തരം വെൽവെറ്റ് ബോക്സുകളിൽ സൂക്ഷിക്കുന്നത് എന്നാണ് മിക്കവരും കരുതിയിരിക്കുന്നത്. എന്നാൽ, ഈ പതിവിന് പിന്നിൽ കേവലം ഭംഗി മാത്രമല്ല, തികച്ചും ശാസ്ത്രീയവും പ്രായോഗികവുമായ ചില കാരണങ്ങളുണ്ട്. ആ കാരണങ്ങൾ ഒന്ന് അന്വേഷിച്ചറിഞ്ഞാലോ?
1.വജ്രത്തിന്റെ സ്വഭാവം
ഭൂമിയിലെ ഏറ്റവും കഠിനമായ പദാർത്ഥമാണ് വജ്രം. ശാസ്ത്രീയമായി പറഞ്ഞാൽ ഒരു വസ്തുവിന്റെ കാഠിന്യം നിർണയിക്കാൻ ഉപയോഗിക്കുന്ന ‘മോസ് സ്കെയിലിൽ’ (Mohs scale) വജ്രത്തിന്റെ കാഠിന്യം പത്തിൽ പത്താണ്. ഇതിനർത്ഥം വജ്രത്തെ പോറലേൽപ്പിക്കാൻ മറ്റൊരു വജ്രത്തിന് മാത്രമേ സാധിക്കൂ എന്ന്. എന്നാൽ വജ്രത്തിന്റെ ഈ കടുപ്പം മറ്റുള്ളവയ്ക്ക് വലിയൊരു ഭീഷണിയാണ്. അതായത്, ഒരു പെട്ടിയിൽ മറ്റ് ആഭരണങ്ങൾക്കൊപ്പം വജ്രം വെയ്ക്കുകയാണെങ്കിൽ, സ്വർണം, പ്ലാറ്റിനം പോലുള്ള ലോഹങ്ങളിലോ മറ്റ് രത്നങ്ങളിലോ വജ്രം ഉരസിയാൽ എളുപ്പത്തിൽ അവയിൽ പോറലുകൾ വീഴും. ചുരുക്കത്തിൽ രത്നങ്ങളിലെ ‘ഡോൺ’ ആണ് വജ്രം.
ഇവിടെയാണ് വെൽവെറ്റ് തുണിയുടെ പ്രസക്തി. വെൽവെറ്റിന്റെ കട്ടിയുള്ളതും മൃദുലവുമായ നൂലുകൾ വജ്രങ്ങളെയും അതിന്റെ ചെയിനുകളെയും ഒരിടത്ത് തന്നെ ഉറപ്പിച്ചു നിർത്തുന്നു. യാത്രകളിലോ മറ്റോ പെട്ടി കുലുങ്ങിയാലും ആഭരണങ്ങൾ പരസ്പരം ഉരസുകയോ കേടുപാടുകൾ സംഭവിക്കുകയോ ഇല്ല.
2.വെളിച്ചം കൊണ്ടൊരു മായാജാലം
വജ്രങ്ങളുടെ തിളക്കം വർദ്ധിപ്പിക്കാൻ വെൽവെറ്റ് ബോക്സുകൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. സാധാരണയായി വജ്രങ്ങൾ സൂക്ഷിക്കുന്ന പെട്ടികളുടെ ഉള്ളിൽ കറുപ്പ്, നേവി ബ്ലൂ, അല്ലെങ്കിൽ കടും പച്ച നിറത്തിലുള്ള വെൽവെറ്റ് തുണിയാണ് ഉപയോഗിക്കാറുള്ളത്. ഈ കടും നിറങ്ങളിലുള്ള വെൽവെറ്റ് തുണികൾ പുറത്തുനിന്നുള്ള വെളിച്ചത്തെ പ്രതിഫലിപ്പിക്കാതെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നു (absorb ചെയ്യുന്നു). വജ്രം അടങ്ങിയ പെട്ടി തുറക്കുമ്പോൾ പശ്ചാത്തലത്തിൽ നിന്ന് മറ്റ് വെളിച്ചം കണ്ണിലേക്ക് അടിക്കില്ല. അതുകൊണ്ട് വജ്രത്തിൽ തട്ടി വരുന്ന വെളിച്ചം മാത്രം നമ്മുടെ കണ്ണുകളിലേക്ക് എത്തുകയും, അതിന്റെ തിളക്കവും ഭംഗിയും (Cut and Clarity) പലമടങ്ങ് വർദ്ധിച്ചതായി തോന്നുകയും ചെയ്യും (Optical Illusion). ചുറ്റുമുള്ള മറ്റ് തടസ്സങ്ങൾ ഒഴിവാക്കി, കാണുന്ന ആളുടെ ശ്രദ്ധ പൂർണ്ണമായും വജ്രത്തിലേക്ക് മാത്രം കേന്ദ്രീകരിക്കാൻ ഈ കടും നിറത്തിലുള്ള വെൽവെറ്റ് പശ്ചാത്തലം സഹായിക്കുന്നു
3.വില്ലൻ ഈർപ്പത്തെ തടയാം
വജ്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കില്ലെങ്കിലും അവ പതിപ്പിച്ചു വെച്ചിരിക്കുന്ന സ്വർണം, വെള്ളി, അല്ലെങ്കിൽ പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങൾക്ക് അന്തരീക്ഷത്തിലെ ഈർപ്പം വില്ലനാകാറുണ്ട്. പ്ലാസ്റ്റിക് അല്ലെങ്കിൽ കൃത്രിമ ലെതർ (Faux leather) പെട്ടികളിൽ ആഭരണങ്ങൾ അടച്ചുവെക്കുമ്പോൾ അതിനുള്ളിൽ ഈർപ്പം കെട്ടിക്കിടക്കാൻ സാധ്യതയേറെയാണ്. ഇത് ലോഹങ്ങളുടെ തിളക്കം നഷ്ടപ്പെടുത്തുകയും കറുപ്പ് നിറമാകാൻ കാരണമാവുകയും ചെയ്യും. എന്നാൽ ഉയർന്ന ഗുണനിലവാരമുള്ള വെൽവെറ്റ് തുണിക്ക് വായുസഞ്ചാരം (Breathable) ഉറപ്പാക്കാനുള്ള ശേഷിയുണ്ട്. ഇത് പെട്ടിക്കുള്ളിലെ ഈർപ്പത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുകയും ലോഹങ്ങൾ വർഷങ്ങളോളം പുത്തൻപോലെ തിളങ്ങി നിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, പ്രണയത്തിന്റെ അല്ലെങ്കിൽ ആഡംബരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ആ ചെറിയ വെൽവെറ്റ് പെട്ടി വെറുമൊരു പാക്കിംഗ് സാമഗ്രി മാത്രമല്ല മറിച്ച് വിലമതിക്കാനാവാത്ത വജ്രങ്ങളുടെ തിളക്കവും സുരക്ഷയും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന ഒരു അദൃശ്യ കാവൽക്കാരൻ കൂടിയാണ്.









