കൊച്ചി: അമ്മ ജനറല്‍ബോഡിയില്‍ ഉണ്ടായ നാടകീയ നീക്കങ്ങള്‍ക്കും രാജിക്കും പിന്നാലെ മൗനം വെടിഞ്ഞ് നടി ശ്വേതാ മേനോന്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായതോടെയാണ് ഭരണസമിതി രാജിവെച്ചത്. ഇത് ദൗര്‍ബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണെന്നും ശ്വേത മേനോന്‍ പറഞ്ഞു. ഈ ഭരണസമിതിയുടേത് അടക്കം കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകള്‍ സമഗ്രമായി പരിശോധിക്കണം. ഫൊറന്‍സിക് ഓഡിറ്റ് നടത്തണം എന്ന നിര്‍ദേശവും ശ്വേത മുന്നോട്ടുവെച്ചു.ആരുടേയും പാവ ആകാതിരിക്കാനാണ് തന്റെ രാജി. അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാര്‍, മാര്‍ട്ടിന്‍ മേനാച്ചേരിപോലുള്ളവരെ മുന്നില്‍ നിര്‍ത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. ഇത് മറികടന്നാണ് ഭൂരിപക്ഷ പിന്തുണയില്‍ താന്‍ ജയിച്ചത്. നിര്‍ഭാഗ്യവശാല്‍ മുന്‍ കമ്മിറ്റി അംഗങ്ങള്‍ നടത്തിയ തെറ്റായ കാര്യങ്ങള്‍ അന്വേഷിക്കാനുള്ള അവസരം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉറപ്പാക്കിയെന്നും ശ്വേത ആരോപിച്ചു.താന്‍ സംഘിയോ കമ്മിയോ അല്ല. അമ്മ പ്രസിഡന്റ് ആയതിന് ശേഷമോ മുന്‍പോ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലോ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരിപാടിയിലോ ക്ഷണം ലഭിച്ചിട്ട് പോലും പങ്കെടുത്തിട്ടില്ല. മറ്റെല്ലാവരും ഈ ക്ഷണങ്ങള്‍ക്ക് പിന്നാലെ പോയപ്പോഴും മാറി നില്‍ക്കുകയായിരുന്നുവെന്നും ശ്വേത വിശദീകരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വെളിപ്പെടുത്തും എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. എങ്കിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്. ആരുടേയും പാവയാകാന്‍ ആകാതിരിക്കാനാണ് തന്റെ രാജി. അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാര്‍, മാര്‍ട്ടിന്‍ മേനാച്ചേരിപോലുള്ളവരെ മുന്നില്‍ നിര്‍ത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. ഇതിനെ മറികടന്ന് അമ്മയുടെ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയില്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിവിന്റെ പരമാവധി എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കാന്‍ എനിക്ക് കഴിയുമായിരുന്നു.
നിര്‍ഭാഗ്യവശാല്‍, മുന്‍ കമ്മിറ്റി അംഗങ്ങള്‍ നടത്തിയ തെറ്റായ കാര്യങ്ങള്‍ അന്വേഷിക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്ന് ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉറപ്പാക്കി.ഞങ്ങളുടേത് ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകള്‍ സമഗ്രമായി പരിശോധിക്കണം. പൂര്‍ണ്ണ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ ഒരു ഫോറന്‍സിക് ഓഡിറ്റ് നടത്തണം.
എന്റെ രാജിക്ക് ശേഷവും പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം, ഞാന്‍ സംഘിയോ കമ്മിയോ അല്ല.
അമ്മ പ്രസിഡന്റ് ആയതിന് ശേഷമോ മുന്‍പോ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലോ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരിപാടിയിലോ ക്ഷണം ലഭിച്ചിട്ട് പോലും ഞാന്‍ പങ്കെടുത്തിട്ടില്ല. മറ്റെല്ലാവരും ഈ ക്ഷണങ്ങള്‍ക്ക് പിന്നാലെ പോയപ്പോഴും ഞാന്‍ മാറി നിന്നു.
യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായി നേരിട്ടപ്പോള്‍, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയില്‍ അമ്മയില്‍ നിന്നും രാജിവെക്കാനാണ് ഞാന്‍ തീരുമാനിച്ചത്. രാജിവെയ്ക്കാനുള്ള തീരുമാനം ഞങ്ങളുടെ ദൗര്‍ബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണ്.
തുടരും. പിക്ചര്‍ അബി ബാക്കിഹേ…മേരേ ദോസ്ത്









