‘ഓസിന് പോവണം, കാശ് കൊടുത്ത് ടിക്കറ്റെടുത്തവര്‍ നിന്നും’; കെഎസ്ആര്‍ടിസിയിലെ അനുഭവം പങ്കുവെച്ച് യുവാവ്

കേരളത്തില്‍ കെഎസ്ആര്‍ടിസി ബസിലുണ്ടായ മോശം അനുഭവം പങ്കുവെച്ച് തമിഴ്നാട് സ്വദേശിയായ യുവാവ്. തമിഴ്നാട്ടില്‍ കിട്ടിയ മര്യാദ തനിക്ക് കേരളത്തില്‍ കിട്ടിയില്ലെന്നാണ് സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കിട്ട് യുവാവ് പറയുന്നത്. താനൊരു വെള്ളക്കുപ്പി വാങ്ങാന്‍ പുറത്തിറങ്ങി തിരിച്ച് ബസില്‍ കയറിയപ്പോഴേയ്ക്കും സീറ്റ് നഷ്ടമായെന്നും അവിടെ ഒരു കുടുംബം കയറിയിരുന്നുവെന്നും സീറ്റ് തിരികെ ചോദിച്ചിട്ട് കിട്ടിയില്ലെന്നുമാണ് യുവാവിന്റെ പരാതി.

തന്റെ സീറ്റാണെന്ന് പറഞ്ഞപ്പോള്‍ ആ കുടുംബമോ കണ്ടക്ടറോ മറ്റ് യാത്രക്കാരോ തന്നെ പിന്തുണച്ചില്ലെന്നു മാത്രമല്ല വളരെ മോശമായ രീതിയിലാണ് ആളുകള്‍ പ്രതികരിച്ചതെന്നും യുവാവ് പറയുന്നു. ഇതിനിടെ ചുറ്റും നിന്ന സ്ത്രീകളെല്ലാം യുവാവുമായി തര്‍ക്കിക്കുന്നതും വിഡിയോയില്‍ കാണുന്നുണ്ട്. താന്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്തതാണെന്നാണ് യുവാവ് അവരോട് പറയുന്നത്. എന്നാല്‍ ബുക്ക് ചെയ്ത സീറ്റല്ലല്ലോ എന്നാണ് യാത്രക്കാര്‍ തിരിച്ച് ചോദിക്കുന്നത്.

ഒരുപാട് തവണ യുവാവ് സീറ്റ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സീറ്റ് തരാന്‍ കഴിയില്ലെന്ന് തന്നെ യാത്രക്കാര്‍ പറയുന്നു. ഒരു പ്രശ്നം വന്നപ്പോള്‍ കണ്ടക്ടറോ മറ്റ് യാത്രക്കാരോ തനിക്കൊപ്പം നിന്നില്ലെന്നും യുവാവ് ആരോപിക്കുന്നുണ്ട്.

യുവാവ് പങ്കിട്ട വിഡിയോക്ക് താഴെ മലയാളികളുടെ കമന്റുകള്‍ നിറയുകയാണ്. ‘ഓസിനു പോവേം വേണം, കാശ് കൊടുത്തു പോവുന്നവനെ ഇരിക്കാനും സമ്മതിക്കില്ലെന്ന്’ യുവാക്കള്‍ പ്രതികരിക്കുന്നു. ‘ബ്രോ വിഡിയോ എടുത്തത് നന്നായെന്നും കേരളത്തില്‍ ചുണക്കുട്ടികള്‍ ഇല്ലാതെ പോയെന്നും’ ചിലര്‍ പറയുന്നു. ‘സൗജന്യയാത്ര കിട്ടുമ്പോള്‍ നിന്ന് പോവണമെന്നും ടിക്കറ്റ് കൊടുത്തു പോവുന്ന യാത്രക്കാരെ ഇരുന്ന് പോവാന്‍ അനുവദിക്കണമെന്നും’ പ്രിയദര്‍ശിനി ബസ് യാത്രയെ ഉള്‍പ്പെടെ വിമര്‍ശിച്ചും ആളുകള്‍ പ്രതികരിക്കുന്നുണ്ട്. അതേസമയം തന്നെ തമിഴ് യുവാവിനു കേരളത്തിലുണ്ടായ അനുഭവത്തില്‍ ചില മലയാളി ഉപയോക്താക്കള്‍ ക്ഷമയും ചോദിക്കുന്നുണ്ട് കമന്റ് ബോക്സില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights