മസ്‌കത്ത്: ഒമാനില്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങളുടെ നിരക്ക് കുത്തനെ കൂട്ടി. മസ്‌കത്തിലെ ഇന്ത്യന്‍ എംബസി പുതിയ ഫീസ് പട്ടിക പുറത്തിറക്കി. പുതുക്കിയ നിരക്കുകള്‍ അടുത്ത മാസം (നാളെ) ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് സേവന നിരക്കുകള്‍ പുതുക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം. പുതുക്കിയ നിരക്കുകള്‍ പ്രകാരം പാസ്‌പോര്‍ട്ട് പുതുക്കല്‍, തത്കാല്‍ സേവനങ്ങള്‍, അടിയന്തര യാത്രാ രേഖകള്‍, പാസ്‌പോര്‍ട്ട് സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്കുള്ള ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.
36 പേജുള്ള സാധാരണ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള ആകെ ചെലവ് 53.750 റിയാലാണ്(13,250 ഇന്ത്യന്‍ രൂപ). 60 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന് 72.600 റിയാല്‍ (17,900 ഇന്ത്യന്‍ രൂപ) നല്‍കണം. നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ പാസ്‌പോര്‍ട്ടുകള്‍ റീഇഷ്യൂ ചെയ്യുന്നതിനുള്ള നിരക്കുകളും വര്‍ധിപ്പിച്ചു. 36 പേജുള്ള പാസ്‌പോര്‍ട്ടിന് 100.700 റിയാല്‍ (24,800 ഇന്ത്യന്‍ രൂപ) ആയിരിക്കും ഫീസ്. 60 പേജുള്ള പാസ്‌പോര്‍ട്ടിന് 119.500 റിയാലും (29,500 ഇന്ത്യന്‍ രൂപ) ഈടാക്കും. SouthAsians & Diaspora
തത്കാല്‍ പാസ്‌പോര്‍ട്ടിന് വലിയ തുക ചെലവഴിക്കേണ്ടി വരും. തത്കാല്‍ വിഭാഗത്തില്‍ 36 പേജുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് 100.700 റിയാലും (24,800 ഇന്ത്യന്‍ രൂപ) 60 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന് 119.500 റിയാലും (29,500 ഇന്ത്യന്‍ രൂപ) നല്‍കണം. നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ പാസ്‌പോര്‍ട്ടുകള്‍ (36 പേജുള്ളവ) തത്കാല്‍ വഴി റീഇഷ്യൂ ചെയ്യുന്നതിന് 147.650 റിയാലാകും (36,400 ഇന്ത്യന്‍ രൂപ) ഇനി ഈടാക്കുക. 60 പേജുകളുള്ള പാസ്‌പോര്‍ട്ടിന് 166.500 റിയാലും (41,100 ഇന്ത്യന്‍ രൂപ) നല്‍കണം. കുട്ടികള്‍ക്കായുള്ള പാസ്‌പോര്‍ട്ട് സേവനങ്ങളിലും നിരക്കുകളില്‍ മാറ്റമുണ്ട്. എട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് എടുക്കാന്‍ 37.300 റിയാല്‍ (9,200 ഇന്ത്യന്‍ രൂപ) നല്‍കണം. നേരത്തെ ഇത് 25.800 ആയിരുന്നു. പ്രായവും പാസ്‌പോര്‍ട്ടിന്റെ കാലാവധിയും അനുസരിച്ച് റീഇഷ്യൂ ഫീസ് 40.600 റിയാല്‍ മുതല്‍ 53.750 റിയാല്‍ വരെ ആയിരിക്കും.
അടിയന്തര യാത്രാ രേഖകളായ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് 12.500 റിയാലും ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റിന് 25.600 റിയാലും നല്‍കണം. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഇതിനുപുറമെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി സി സി), സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് പാസ്‌പോര്‍ട്ട് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് 21.800 റിയാലും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇവക്ക് നേരത്തെ 16.300 റിയാലാണ് ഈടാക്കിയിരുന്നത്.
അപേക്ഷകരുടെ ഫോം പൂരിപ്പിക്കല്‍, ഫോട്ടോ, ഫോട്ടോകോപ്പി, കൊറിയര്‍ വിതരണം തുടങ്ങിയ സേവനങ്ങള്‍ മുന്‍പുപോലെ ഐസിഎസി വഴി അധിക നിരക്കില്ലാതെ തുടരുമെന്നും എംബസി അറിയിച്ചു. പാസ്‌പോര്‍ട്ട് ഫീസ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ഐസിഡബ്ല്യുഎഫ്), ഇന്ത്യന്‍ കമ്മ്യൂണിറ്റി അസിസ്റ്റന്‍സ് സെന്റര്‍ (ഐസിഎസി) ഈടാക്കുന്ന സേവന ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്ന തുകയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരുന്നത്.









