തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതെ
അദ്ദേഹത്തിന്റെ പിന്‍ഗാമിയും മകനുമായ മൊജ്തബ ഖമനയി. ഞായറാഴ്ച തെഹ്‌റാനില്‍ നടന്ന ചടങ്ങില്‍ അലി ഖമനയിയുടെ മറ്റ് മൂന്ന് ആണ്‍മക്കളും പങ്കെടുത്തു. ഇതോടെ മൊജ്തബയുടെ എവിടെയാണെന്നും ഏത് സാഹചര്യത്തിലാണെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമായി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പദവി ഏറ്റെടുത്ത ശേഷം മൊജ്തബ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
അതേസമയം സംസ്‌കാരചടങ്ങുകളുടെ ഏതെങ്കിലും ഘട്ടത്തില്‍ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെ തലവന്‍ അലി അക്ബര്‍ പോര്‍ജാംഷിദിയാന്‍ മുമ്പ് പ്രതികരിച്ചത്. മൊജ്തബയുടെ സാന്നിധ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കേണ്ടത് അദ്ദേഹത്തിന്റെ ഓഫീസാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ആയത്തുള്ല കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തില്‍ മരിച്ച ഭാര്യ സഹ്‌റ ഹദാദ് ആദേലിന്റെ നേരത്തെ നടന്ന അനുസ്മരണ ചടങ്ങുകളിലും മൊജ്തബ പങ്കെടുത്തിരുന്നില്ല. ഇരുവരുടെയും മകനും മറ്റ് കുടുംബാംഗങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ മൊജ്തബയ്ക്ക് പരിക്കേറ്റെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അലി ഖമനയിയുടെ മക്കളായ മൊസ്താഫ, മെയ്‌സം, മൗസൂദ് എന്നിവരാണ് ഇറാന്‍ തലസ്ഥാനത്തെ ഇമാം ഖൊമെയ്‌നി ഗ്രാന്‍ഡ് മൊസല്ല കോംപ്ലക്‌സില്‍ പിതാവിന്റെ ശവമഞ്ചത്തിന് സമീപം പ്രാര്‍ത്ഥനകളുമായി നിലകൊണ്ടത്. ഇവര്‍ക്ക് പുറമേ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, പാര്‍ലമെന്റ് സ്പീക്കര്‍ മൊഹമ്മദ് ബാഗര്‍ ഖാലിബാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് കമാന്‍ഡര്‍ ഇന്‍ ചീഫ് അഹമ്മദ് വാഹിദി എന്നിവരും പ്രാര്‍ത്ഥനയില്‍ ഇവര്‍ക്കൊപ്പം പങ്കുചേര്‍ന്നിരുന്നു.ചടങ്ങിന്റെ ദൃശ്യങ്ങളില്‍ വികാരാദീനനായ മൗസൂദ് ഖമനയിയെയാണ് കാണാന്‍ കഴിയുന്നത്. കഫിയ കൊണ്ട് അദ്ദേഹം കണ്ണുനീര് തുടയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അലി ഖമനയിയുടെ ശവമഞ്ചം ഇറാന്‍ പതാക കൊണ്ട് മൂടിയ ശേഷം അതിന് മുകളില്‍ കറുത്ത ടര്‍ബനും വിരിച്ചിരുന്നു. ഫെബ്രുവരിയില്‍ നടന്ന യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് നാലു പേരുടെ ശവമഞ്ചവും സമീപത്തുണ്ടായിരുന്നു. ഇതിലൊന്ന് അലി ഖമനയിയുടെ ചെറുമകള്‍ സഹ്റ മുഹമ്മദി ഗോല്‍പയേഗാനിയുടെതായിരുന്നു. പതിനാല് മാസം മാത്രമായിരുന്ന സഹ്‌റയുടെ പ്രായം. പത്തു മില്യണോളം ആളുകള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.









