കാസര്‍കോട്: ജീവിതത്തില്‍ വിവാഹം അനിവാര്യമാണോ എന്ന ചോദ്യം എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്നാല്‍ ഒന്നര പതിറ്റാണ്ട് കാലമായി കല്യാണം കഴിക്കുന്നതിനായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന കാസര്‍കോട് പെരിയ നഴ്‌സിങ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ കെ കെ അജിത്തിന്റെ അനുഭവം അതല്ല. ഇത്രയും കാലം തനിക്ക് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച മാരേജ് ബ്യൂറോകള്‍ക്കെതിരെ കോടതി കയറി അനുകൂല വിധി നേടിയെടുത്തിരിക്കുകയാണ് അജിത്. ഇപ്പോള്‍ മലയാളം ഒഴികെ ഒമ്പത് ഭാഷകളില്‍ വധുവിനെ തേടി പോസ്റ്ററുകള്‍ ഒട്ടിച്ച് കാത്തിരിക്കുകയാണ് അജിത്.
താന്‍ പലരീതിയിൽ കബളിപ്പിക്കപ്പെട്ടുവെന്നും ലക്ഷങ്ങളോളം തനിക്ക് ചെലവായെന്നും അജിത് റിപ്പോർട്ടറിനോട് പറഞ്ഞു. തുടർന്നാണ് സ്വന്തം രീതിയില്‍ ജീവിതപങ്കാളിയെ കണ്ടെത്താൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.ഞാനെന്റെ 29-ാം വയസിലാണ് വിവാഹ പരസ്യം ഒരു പത്രത്തില്‍ കൊടുത്തത്. പക്ഷെ എന്നെ മാരേജ് ബ്യൂറോകളും ബ്രോക്കര്‍മാരുമാണ് പിന്നീട് വിളിച്ചത്. നാല്‍പതോളം പ്രൊഫൈലുകള്‍ തന്നു. പക്ഷേ അനുകൂലമായി വന്നില്ല. ജാതകം ചേരുന്നില്ല, തടി കൂടുന്നു, ജാതി പ്രശ്‌നമാണ് എന്നെല്ലാമുള്ള പല കാര്യങ്ങളും പറഞ്ഞ് ഒഴിഞ്ഞു. രണ്ട് ലക്ഷത്തോളം ഇതിനായി ചെലവായി. ഞാന്‍ പലരീതികളില്‍ കബളിപ്പിക്കപ്പെട്ടു. ഞാനിപ്പോള്‍ എന്റെ സ്വന്തം രീതിയില്‍ ജീവിതപങ്കാളിയെ ആലോചിക്കാന്‍ തുടങ്ങി.
ഒരു പ്രൊഫൈലുണ്ടാക്കി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. പക്ഷേ അതിന് അനുകൂലമായ പ്രതികരണമൊന്നുമുണ്ടായിട്ടില്ല. പക്ഷേ ഞാനതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് മലയാളമൊഴികെ മറ്റ് ഒമ്പതോളം ഭാഷകളിലെന്റെ വിവാഹ പരസ്യം ലഘുലേഖയാക്കുകയും പലയിടങ്ങളിലായി ഇത് ഒട്ടിക്കുകയുമാണ്.’









