കൽപ്പറ്റ — ഓണക്കാലത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ ജില്ലയിൽ പരിശോധന ശക്തമാക്കി. കമ്പളക്കാട്, പനമരം, കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങിയ കേന്ദ്രങ്ങളിലായി 120-ലധികം കടകളിലാണ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 12 കടകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.
പൊതുജനങ്ങൾക്കു കാണത്തക്ക രീതിയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടിയെടുത്തത്. കൂടാതെ, ഹോട്ടലുകളിൽ അനധികൃതമായി എൽ.പി.ജി. സിലിണ്ടറുകൾ സൂക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിടിച്ചെടുക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, പോലീസ്, റെവന്യൂ, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സംയുക്തമായി ഉൾപ്പെടുത്തിയാണ് താലൂക്ക് അടിസ്ഥാനത്തിലുള്ള പരിശോധനാ സ്ക്വാഡുകൾക്ക് രൂപം നൽകിയിട്ടുള്ളത്. വരും ദിവസങ്ങളിലും ജില്ലയിലുടനീളം പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഓണം: വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ ജില്ലയിൽ പരിശോധന ശക്തം









