35 ദിവസത്തിൽ 433.81 കോടി; ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് റെക്കോർഡ് വിറ്റുവരവ്, കഴിഞ്ഞ വർഷത്തേക്കാൾ 48 കോടിയുടെ വർധന

 

തിരുവനന്തപുരം: ഓണക്കാലത്തെ 35 ദിവസത്തെ വിൽപ്പനയിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈക്കോ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 385 കോടി രൂപയെ അപേക്ഷിച്ച് 48 കോടിയിലധികം രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. (Supplyco Onam sales)

ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. അന്നേദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ രേഖപ്പെടുത്തിയത്. ഓണം ഫെയറുകളിലും വിവിധ സപ്ലൈക്കോ വിൽപ്പനശാലകളിലും ഇത്തവണ വലിയ തിരക്ക് അനുഭവപ്പെട്ടതും റെക്കോർഡ് വിറ്റുവരവിന് കാരണമായി. 35 ദിവസത്തെ ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി ഇനങ്ങളിലൂടെയും 278.42 കോടി രൂപ സബ്സിഡിയില്ലാത്ത ഇനങ്ങളിലൂടെയുമാണ് ലഭിച്ചത്. സബ്സിഡി നിരക്കിൽ ലഭിച്ച വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം വില കുറച്ചതും ഉപഭോക്താക്കളെ ആകർഷിച്ചു. ഈ കാലയളവിൽ 53.86 ലക്ഷം പേരാണ് സപ്ലൈക്കോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ സംഘടിപ്പിച്ച മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽനിന്ന് മാത്രം 5.33 കോടി രൂപയുടെ വിറ്റുവരവുണ്ടായി. കഴിഞ്ഞ വർഷം ജില്ലാ ഫെയറുകളിൽനിന്ന് ലഭിച്ച വിറ്റുവരവ് 4.82 കോടി രൂപയായിരുന്നു.

തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽനിന്ന് മാത്രം 94 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. ഓണക്കാലത്ത് സപ്ലൈക്കോയുടെ സബ്സിഡി ഉൽപ്പന്നങ്ങൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും ആവശ്യക്കാർ വർധിച്ചതാണ് ഇത്തവണത്തെ വിൽപ്പന ഉയരാൻ പ്രധാനമായും സഹായിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights