മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് കനത്ത തിരിച്ചടി. മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ വിചാരണ നടപടികള്‍ തടയണമെന്ന പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികളുമായി മുന്നോട്ടുപോകാമെന്നും ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ച് നിര്‍ദേശിച്ചു. മുട്ടിലില്‍ നിന്ന് മുറിച്ചുകടത്തിയ ഈട്ടിത്തടികള്‍ക്ക് നിയമപരമായ രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 1.40 കോടി രൂപ തട്ടിയെടുത്തു എന്ന കേസിനാണ് ഹൈക്കോടതി വിചാരണ തീയതി നിശ്ചയിച്ചിരിക്കുന്നത്. കൃത്യമായ രേഖകളില്ലാതെ തനിക്ക് മരം വിറ്റെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയിലാണ് അമ്പലമേട് പോലീസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ കേസെടുത്തത്. കേസില്‍ റോജി അഗസ്റ്റിന്‍ ഒന്നാം പ്രതിയും, ആന്റോ അഗസ്റ്റിന്‍ രണ്ടാം പ്രതിയുമാണ്. കേസ് നിലവില്‍ കല്‍പ്പറ്റ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ റദ്ദാക്കണമെന്നായിരുന്നു പ്രതികളുടെ പ്രധാന ആവശ്യം. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കേസില്‍ തീരുമാനമാകുന്നത് വരെ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹരജി നേരത്തെ മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ഹെക്കോടതിയെ സമീപിച്ചെങ്കിലും പ്രതികളുടെ വാദം തള്ളി. ഹൈക്കോടതി ഉത്തരവോടെ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരായ വഞ്ചനാ കേസില്‍ വിചാരണ നടപടികള്‍ വേഗത്തിലാകും.
മുട്ടില്‍ മരംമുറി, അഗസ്റ്റിന്‍ സഹോദരന്മാരുടെ ഹരജി ഹൈക്കോടതി തള്ളി







