മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ സീഡ് – കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് പച്ചക്കറി – ചോളം കൃഷികൾക്ക് തുടക്കം കുറിച്ചു. സ്കൂളിന്റെ ആവശ്യത്തിനുള്ള പച്ചക്കറികൾ സ്കൂൾ പരിസരത്ത് തന്നെ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി കൃഷി ഓഫീസർ ശ്രീമതി ശരണ്യ എം. നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ ഷാജി കേദാരം സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി സൂസൻ എ.സി., അധ്യാപിക സെലിൻ ടീച്ചർ, ആതിര ആന്റണി എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധയിനം പച്ചക്കറി തൈകൾ സ്കൂൾ വളപ്പിൽ നട്ടു. കുട്ടിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ റയാൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ കൃഷിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി. കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുക, ഭക്ഷ്യസ്വയംപര്യാപ്തതയുടെ പ്രാധാന്യം മനസ്സിലാക്കുക, പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന മനോഭാവം വളർത്തുക എന്നിവയും ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നു. സ്കൂളിലെ ഭക്ഷണാവശ്യങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ കഴിയുന്നത്ര സ്കൂളിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.







