മാനന്തവാടി: കാറിൽ വന്നിറങ്ങിയ മാവേലിയും ആവേശക്കാഴ്ചകളും കൊണ്ട് വിപ്ലവകരമായ രീതിയിൽ മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ ‘തിമൃതോം 2026’ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂൾ കോമ്പൗണ്ടിലേക്ക് വന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാവേലിയിറങ്ങിയത് കുട്ടികളിലും അധ്യാപകരിലും ഒരുപോലെ കൗതുകമുണർത്തി. കുട്ടികളുടെ ആർപ്പുവിളികളോടെയാണ് മാവേലിയെ വരവേറ്റത്. സ്കൂൾ പി.ടി.എ. വൈസ് പ്രസിഡന്റാണ് മാവേലിയായി വേഷമിട്ടത്.

‘തിമൃതോം’ ഓണാഘോഷച്ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ഷാജി കേദാരം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മേരി സൂസൻ എ.സി. ചടങ്ങിന് സ്വാഗതം ആശംസിക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ലിസ ജേക്കബ് എ.സി., എം.പി.ടി.എ. പ്രസിഡന്റ് സുപ്രീഷ മെൻഡോൺസ എന്നിവർ ആശംസകൾ നേർന്നു. അധ്യാപിക എം. പ്രിയ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ആഘോഷങ്ങളുടെ ഭാഗമായി നാടിന്റെ അഭിമാനമായ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. പത്മശ്രീ പുരസ്കാര ജേതാവും സംസ്ഥാന സർക്കാരിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവുമായ ചെറുവയൽ രാമൻ, ആരി എംബ്രോയ്ഡറിയിലൂടെ ശ്രദ്ധേയയായ മാനന്തവാടി ബി.ഐ.ആർ.സി.യിലെ നയന രാജ് (ചടങ്ങിൽ ഓണസന്ദേശം നൽകി), മികച്ച വിദ്യാർത്ഥി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട റയൻ പോൾ ടിജോ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, പുലിക്കളി, തിരുവാതിര, വള്ളംകളി മാതൃകാ മത്സരങ്ങൾ, ആവേശകരമായ വടംവലി മത്സരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഓണാഘോഷ സദ്യയോടെ പരിപാടികൾ സമാപിച്ചു.









