‘സോളോ പെർ ഡ്യൂ’ അവകാശപ്പെടുന്നത് തങ്ങളുടേതാണ് ലോകത്തിലെ ഏറ്റവും ചെറിയ റെസ്റ്റോറന്റ് എന്നാണ്. ഇറ്റലിയിലെ റൈറ്റിയിലാണ് ഈ റെസ്റ്റോറന്റ് ഉള്ളത്.
അതുകൊണ്ട് മാത്രമായില്ല, ഏറ്റവും സ്വകാര്യത ആഗ്രഹിക്കുന്നവർക്കും ബഹളങ്ങളില്ലാതെ തങ്ങളുടെ ഭക്ഷണം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതിലും മികച്ച ഒരിടം വേറെ കിട്ടാൻ സാധ്യത ഇല്ല. കാരണം, ഇവിടെ ഒരു സമയം രണ്ടേ രണ്ടുപേർക്കേ ഭക്ഷണം വിളമ്പാൻ സാധിക്കുകയുള്ളൂ. അതിന് കാരണം വേറൊന്നുമല്ല, അത് അത്രയും ചെറുതാണ് എന്നത് തന്നെ.
എന്നാൽ, ഇവിടെ ഭക്ഷണം കഴിക്കണമെങ്കിൽ കാശ് അൽപം ചെലവാക്കേണ്ടി വരും. ഒരു നേരം ഭക്ഷണം കഴിക്കണമെങ്കിൽ ഇവിടുത്തെ ഭക്ഷണത്തിന് 44000 രൂപ നൽകേണ്ടി വരും. സംഗതി ലോകത്തിലെ ഏറ്റവും ചെറിയ റെസ്റ്റോറന്റ് എന്ന് അവകാശപ്പെടുന്നത് കൊണ്ട് തന്നെ അത് കാണാനൊന്നും അത്ര നല്ലതായിരിക്കില്ല എന്ന് ചിന്തിക്കാൻ വരട്ടെ. നല്ല അടിപൊളിയായി ഒരുക്കിയിരിക്കുന്ന റെസ്റ്റോറന്റാണ് ഇത്.
അതിന്റെ ചെറിയ ഡൈനിംഗ് റൂം 500 ചതുരശ്ര അടിയിൽ താഴെയാണ്. അത് കൂടാതെ റോമിന്റെ വടക്ക് ഭാഗത്തുള്ള വാക്കോൺ വില്ലേജിന് സമീപത്തായി സ്ഥിതി ചെയ്യുന്ന 20 -ാം നൂറ്റാണ്ടിലെ കല്ലുകൊണ്ടുണ്ടാക്കിയ ഒരു മാളികയുടെ ഘടനയാണ് ഈ റെസ്റ്റോറന്റിന്.
രണ്ടുപേർക്ക് ഭക്ഷണത്തിന് 44000 രൂപ വാങ്ങിക്കണമെങ്കിൽ സംഗതി റെസ്റ്റോറന്റ് ചില്ലറക്കാരനല്ല എന്ന് മനസിലായല്ലോ അല്ലേ? ക്ലാസി ലുക്കാണ് റെസ്റ്റോറന്റിന്. ഇനി, സോളോ പെർ ഡ്യൂ എന്ന പേര് കൊണ്ട് അർത്ഥമാക്കുന്നത് ‘ജസ്റ്റ് ഫോർ ടു’ എന്നാണ്. അതായത് വെറും രണ്ട് പേർക്ക് മാത്രമുള്ള റെസ്റ്റോറന്റ്.
അതേ, അതിമനോഹരമായൊരു നേരം നിങ്ങളുടെ പങ്കാളിക്കൊപ്പം ചെലവഴിക്കണമെങ്കിൽ അതിന് മികച്ച ഒരു തെരഞ്ഞെടുപ്പായിരിക്കും ലോകത്തിലെ ഈ ഏറ്റവും കുഞ്ഞൻ റെസ്റ്റോറന്റ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല