ലോകമെമ്പാടുമുള്ള യാത്രകളെ സ്നേഹിക്കുന്നവരുടെ ഇഷ്ടഭൂമികയാണ് ബാലി. പ്രകൃതിസൗന്ദര്യം തന്നെയാണ് ബാലിയിലേക്ക് എക്കാലവും ആളുകളെ ആകർഷിക്കാനുള്ള പ്രധാനഘടകം. എന്നാൽ, വിനോദസഞ്ചാരികൾക്ക് ചില നിയന്ത്രണങ്ങളെല്ലാം ഏർപ്പെടുത്താൻ തയ്യാറാവുകയാണ് ബാലി.
അതിന് കാരണമായി പറയുന്നത് വിനോദസഞ്ചാരികളുടെ അച്ചടക്കമില്ലാത്ത പെരുമാറ്റമാണ്. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഗവർണർ ദ്വീപിലെ പർവതങ്ങളിൽ അടിയന്തരമായി ചില നിയന്ത്രണങ്ങളെല്ലാം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ നിരോധനം വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾക്കും അതുപോലെ തന്നെ സ്വദേശികൾക്കും ബാധകമാണ്.
അതായത് മൗണ്ടൻ ക്ലൈബിംഗ്, ഹൈക്കിംഗ് തുടങ്ങിയവയൊന്നും തന്നെ ഇനി ഇവിടെ അനുവദനീയമല്ല എന്നാണ് ഗവർണർ വ്യക്തമാക്കിയത്. പ്രസ്തുത നിയന്ത്രണങ്ങൾ വഴി അച്ചടക്കത്തോടെയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നതാണത്രെ അധികൃതർ ലക്ഷ്യമിടുന്നത്.
”ഈ പർവ്വതങ്ങളെ പവിത്രവും ആദരണീയവുമായിട്ടാണ് കണക്കാക്കുന്നത്. അതിന്റെ പവിത്രതയ്ക്ക് കോട്ടം സംഭവിച്ചാൽ അത് ബാലിയുടെ പവിത്രതയെ അപമാനിക്കുന്നതിന് തുല്യം തന്നെയാണ്. ഈ നിരോധനം എന്നെന്നേക്കുമായിട്ടാണ് പ്രാബല്യത്തിൽ വരിക. ഇത് വിദേശ വിനോദസഞ്ചാരികൾക്ക് മാത്രമല്ല ബാധകം. മറിച്ച്, ആഭ്യന്തര വിനോദസഞ്ചാരികൾക്കും പ്രദേശത്തെ താമസക്കാർക്കും എല്ലാം ബാധകമാണ്. പ്രദേശത്തുള്ളവർക്ക് മതപരമായ ചടങ്ങുകൾക്കോ പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിനോ ഇവിടം സന്ദർശിക്കാം” എന്നും ദ്വീപ് ഗവർണർ വയാൻ കോസ്റ്റർ പറഞ്ഞു.
വളരെ പ്രശസ്തമായ ബത്തൂർ പർവതവും അഗുങ് പർവതവും ഉൾപ്പടെ 3122 പർവതങ്ങളാണ് നിയന്ത്രണത്തിന്റെ അധീനതയിൽ ഉൾപ്പെടുക. ഏതായാലും ഇത് നിയമമായി മാറണമെങ്കിൽ പാർലിമെന്റിന്റെ അംഗീകാരം ആവശ്യമാണ്. ഈ തീരുമാനം പ്രാദേശികവാസികളെയും വല്ലാതെ ആശങ്കയിലാക്കിയിട്ടുണ്ട്. നിരന്തരം പർവതങ്ങളുമായി യോജിച്ച് ചേർന്നതാണ് ഇവിടെ പലരുടേയും ജീവിതം.
അതിൽ തന്നെ ടൂർ ഗൈഡുകളായും മറ്റും പ്രവർത്തിക്കുന്നവരും ഉണ്ട്. തങ്ങളുടെ വരുമാനം ഇല്ലാതാക്കാൻ ഈ തീരുമാനം കാരണമാകുമോ എന്നത് പലരും ആശങ്കയോടെയാണ് കാണുന്നത്. അവരെ ബാധിക്കാത്ത തരത്തിലുള്ള ഒരു തീരുമാനമെടുക്കാനായിരിക്കും മിക്കവാറും അധികൃതർ ശ്രമിക്കുക.
നേരത്തെ തന്നെ ഇവിടുത്തുകാർ പരിശുദ്ധമായി കണക്കാക്കുന്ന പർവതങ്ങളിൽ മാന്യതയില്ലാതെ പെരുമാറി എന്നാരോപിച്ച് നിരവധി വിനോദസഞ്ചാരികൾക്കെതിരെ നടപടികൾ സ്വീകരിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അർദ്ധനഗ്നനായി ഫോട്ടോയ്ക്ക് പോസ് ചെയ്തു, അർദ്ധനഗ്നയായി മരത്തിൽ കയറി ഇവയൊക്കെ അതിൽ പെടുന്നു