കോഴിക്കോട്ട് എഐ സഹായത്തോടെ സുഹൃത്തിന്റെ ദൃശ്യം വ്യാജമായി നിർ‌മിച്ചു; വയോധികനിൽ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്തു

Advertisements
Advertisements

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐയുടെ സഹായത്തോടെ സുഹൃത്തിന്റെ വിഡിയോ ദൃശ്യം വ്യാജമായി നിർ‌മിച്ച് വാട്സാപിൽ അയച്ചു വിശ്വസിപ്പിച്ച് വയോധികനിൽ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ‌ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.

Advertisements

സംസ്ഥാനത്ത് ഇത്തരത്തിൽ എഐ ഉപയോഗിച്ചു നടത്തിയ ആദ്യത്തെ സൈബർ തട്ടിപ്പാണിതെന്നു കരുതുന്നു. ‘ഡീപ് ഫെയ്ക് ടെക്നോളജി’ ഉപയോഗിച്ച് ഇതുപോലെ യഥാർഥ വ്യക്തികളുടെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കി പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കാൻ സൈബർ പൊലീസ് മുന്നറിയിപ്പു നൽകി.

കേന്ദ്ര സർക്കാർ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിൽ നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശിയാണു തട്ടിപ്പിനിരയായത്. പരിചയമില്ലാത്ത നമ്പറിൽ നിന്നു പുലർച്ചെ 5 മണിയോടെ മൊബൈൽ ഫോണിൽ പലതവണ കോൾ വന്നെങ്കിലും എടുത്തിരുന്നില്ല. നേരം പുലർന്നു ഫോൺ പരിശോധിച്ചപ്പോൾ അതേ നമ്പറിൽ നിന്നു വാട്സാപ്പിൽ കണ്ടു.

Advertisements

മുൻപ് കൂടെ ജോലി ചെയ്തിരുന്ന, ഇപ്പോൾ ദുബായിലുള്ള, ആന്ധ്ര സ്വദേശിയായ സുഹൃത്താണെന്നാണു വാട്സാപ് സന്ദേശത്തിൽ പറഞ്ഞത്. കുടുംബത്തിന്റെ സുഖവിവരങ്ങളും അന്വേഷിച്ചിരുന്നു. മെസേജ് വായിക്കുന്നതിനിടയിൽ ഫോണിൽ വാട്സാപ് കോൾ വന്നു. സംസാരത്തിൽ പഴയ കാലത്തെ കാര്യങ്ങളും മറ്റും പറഞ്ഞതോടെ വയോധികന് സുഹൃത്താണെന്നു ‘ബോധ്യപ്പെട്ടു’. തുടർന്നാണ് ‘സുഹൃത്ത്’ പണം ആവശ്യപ്പെട്ടത്.

തന്റെ ബന്ധു ശസ്ത്രക്രിയയ്ക്കായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിലുണ്ടെന്നും, താനിപ്പോൾ‌ ദുബായിൽ നിന്ന് അടുത്ത വിമാനത്തിൽ മുംബൈയിലേക്കു പോകാനിരിക്കുകയാണ് എന്നും ‘സുഹൃത്ത്’ അറിയിച്ചു. അത്യാവശ്യമായി 40,000 രൂപ തന്റെ അക്കൗണ്ടിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ ഭാര്യ മുംബൈയിലെ ആശുപത്രിയിൽ രോഗിയുടെ കൂടെയാണുള്ളത്. ഭാര്യയുടെ കയ്യിലാണ് ഫോണും എടിഎം കാർഡും. അവിടെ എത്തിയാൽ ഉടൻ പണം തിരിച്ചയയ്ക്കുമെന്നും ‘സുഹൃത്ത്’ ഉറപ്പു പറഞ്ഞു.

സുഹൃത്തിന്റെ സംസാരത്തിൽ സംശയമൊന്നും തോന്നിയില്ലെങ്കിലും അക്കൗണ്ടിലേക്കു പണം അയയ്ക്കാൻ വയോധികൻ മടിച്ചു. ഇപ്പോൾ ഇത്തരം തട്ടിപ്പുകൾ നടക്കുന്നതിനാൽ ആരെയും വിശ്വസിക്കാൻ കഴിയില്ലെന്നും പറഞ്ഞു. അതോടെയാണ് ‘സുഹൃത്ത്’ വിഡിയോ അയച്ചു നൽകിയത്. പണം ആവശ്യപ്പെടുന്നതിന്റെ വിഡിയോ വാട്സാപ്പിൽ അയച്ചു കിട്ടിയതോടെ അവിശ്വസിക്കാതെ ഉടൻ 40,000 രൂപ അയച്ചു. അൽപ സമയത്തിനകം ‘സുഹൃത്ത്’ വീണ്ടും വാട്സാപ്പിൽ വിളിച്ച് 35,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നി.

അക്കൗണ്ട് ബാലൻസ് പരിശോധിക്കട്ടെയെന്നു പറഞ്ഞ് കോൾ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് കൈവശമുള്ള നമ്പറിൽ ദുബായിലെ സുഹൃത്തിനെ ബന്ധപ്പെട്ടു. താൻ ദുബായിൽ നിന്ന് അടുത്ത വിമാനത്തിൽ യുഎസിലേക്കു പുറപ്പെടാൻ നിൽക്കുകയാണെന്നും, പണം ആവശ്യപ്പെട്ടു വിളിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി. അതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണു തട്ടിപ്പു നടന്നത്. നാഷനൽ സൈബർ ക്രൈം വിഭാഗത്തിനു ലഭിച്ച പരാതി കോഴിക്കോട് സൈബർ പൊലീസിനു കൈമാറിയതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്.

വിഡിയോയിൽ വന്ന മുഖവും സംസാരവും സുഹൃത്തിന്റേതു തന്നെയാണെന്നും, അടുത്തു നിന്നു നോക്കിയപ്പോൾ കണ്ണും പുരികവും ചുണ്ടും എല്ലാം ചലിച്ചിരുന്നതായും പരാതിക്കാരൻ പറയുന്നു. ‘ഡീപ് ഫെയ്ക് ടെക്നോളജി’ ഉപയോഗിച്ച് നിർമിത ബുദ്ധിയുടെ സഹായത്തോടെ സുഹൃത്തിന്റെ മുഖവും ശബ്ദവും വ്യാജമായി സൃഷ്ടിച്ചതാണെന്നാണു സൈബർ പൊലീസിന്റെ നിഗമനം. പരിചയക്കാരുടെ ശബ്ദം അനുകരിച്ചു ഫോണിൽ വിളിച്ചു തട്ടിപ്പു നടത്തിയ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും മുഖം വ്യാജമായി നിർ‌മിച്ചുള്ള തട്ടിപ്പ് കേരളത്തിൽ ആദ്യമാണെന്നും പൊലീസ് പറയുന്നു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!