അതിമനോഹരവുമായ പാലങ്ങൾ കൊണ്ട് സമ്പന്നമാണ് സ്കോട്‌ലൻഡ്. എന്നാൽ ഇവിടുത്തെ ഡംബാർട്ടൻ എന്ന നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഓവർടൗൺ ബ്രിഡ്ജ് ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഈ പാലത്തിനെ മറ്റുള്ളവയിൽ നിന്നും വേറിട്ട് നിർത്തുന്നതാകട്ടെ ഇന്നോളം കാരണം കണ്ടെത്തിയിട്ടില്ലാത്ത ചില നിഗൂഢ പ്രതിഭാസങ്ങളാണ്. 1950കൾ മുതൽ ഇങ്ങോട്ട് നൂറുകണക്കിന് നായകളാണ് ഈ പാലത്തിൽ നിന്ന് ചാടി സ്വന്തം ജീവനൊടുക്കിയിട്ടുള്ളത്. വിരലിലെണ്ണാവുന്ന ചില നായകൾ മാത്രമാണ് ഇവിടെ നിന്നും രക്ഷപ്പെട്ടിട്ടുള്ളത്.
50 അടി ആഴമുള്ള ഒരു മലയിടുക്കിന് മുകളിലൂടെയാണ് ഓവർടൗൺ പാലം സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നായകളുടെ ആത്മഹത്യയിലൂടെ ഈ പാലം ലോകത്തെങ്ങും പ്രശസ്തിയും നേടിക്കഴിഞ്ഞു. ഇവിടെ നിന്നും വീഴുകയോ മനഃപൂർവം ചാടിയോ ജീവൻ നഷ്ടപ്പെട്ട നായ്ക്കളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. കാരണം കണ്ടെത്താനാവാത്ത ഈ വിചിത്ര പ്രതിഭാസത്തെ തുടർന്ന് ഈ വഴി നായകളുമായി സഞ്ചരിക്കാൻ തന്നെ ഉടമകൾ ഭയപ്പെടുന്ന സ്ഥിതിയാണ്.
വിരലിലെണ്ണാവുന്ന ചില നായകൾ മാത്രമാണ് ഇവിടെ നിന്നും രക്ഷപ്പെട്ടിട്ടുള്ളത്. 2014ൽ കാസി എന്ന ഒരു നായ ഇത്തരത്തിൽ രക്ഷപ്പെട്ടിരുന്നു. പാലത്തിന് സമീപത്തായി കാർ നിർത്തിയപ്പോഴേക്കും യാതൊരു പ്രകോപനവും കൂടാതെ കാസി പാലത്തിലേക്ക് ഓടി എത്തുകയായിരുന്നുവെന്ന് അതിന്റെ ഉടമ പറയുന്നു. തന്റെ അരികിൽ നിന്നും അത്തരത്തിൽ ഒരിക്കലും ഓടി നീങ്ങാത്ത നായയുടെ വിചിത്രമായ പെരുമാറ്റം എന്താണെന്ന് മനസ്സിലാകും മുൻപ് തന്നെ നായ തല മുകളിലേക്ക് ഉയർത്തി പാലത്തിൽ നിന്നും എടുത്തുചാടുകയായിരുന്നു.