യുഎസും ചൈനയും വ്യാപാര തർക്കം മുറുകുന്നതിനിടെ ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പളിന് വൻ സാമ്പത്തിക നഷ്ടം. ചൈനയുടെ തിരിച്ചടിക്ക് പിന്നാലെ, ആപ്പിളിന് വിപണി മൂലധനത്തിൽ ഏകദേശം 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് സർക്കാർ ജീവനക്കാർക്ക് ഐഫോൺ ഉപയോഗം വിലക്കിയതിന് പിന്നാലെ ആപ്പിളിന്റെ ഓഹരികൾ വ്യാഴാഴ്ച മൂന്ന് ശതമാനം ഇടിഞ്ഞു. ഈ ആഴ്ചയിൽ അഞ്ച് ശതമാനമാണ് ആപ്പിളിന്റെ മൂല്യം ഇടിഞ്ഞത്. ഐഫോണുകളോ മറ്റ് വിദേശ ബ്രാൻഡഡ് ഫോണുകളോ ഉപയോഗിക്കരുതെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് ചൈന ഉത്തരവിട്ടതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു.
യുഎസ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ ഉൽപ്പന്നങ്ങൾ വിലക്കാൻ ചൈന തീരുമാനിച്ചത്. എന്നാൽ തീരുമാനം ആപ്പിളിന് കനത്ത തിരിച്ചടിയായി. ആപ്പിളിന്റെ പ്രധാന വിപണികളിലൊന്നാണ് ചൈന. വരുമാനത്തിന്റെ 20 ശതമാനത്തോളം ചൈനയിൽ നിന്നാണെന്ന് ഇന്ററാക്ടീവിലെ നിക്ഷേപ മേധാവി വിക്ടോറിയ സ്കോളർ പറഞ്ഞു. അതേസമയം, വാർത്തയോട് ആപ്പിൾ പ്രതികരിച്ചില്ല. ആപ്പിൾ ഉൽപ്പന്ന നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗും പ്രതികരിച്ചിട്ടില്ല. ചൈനീസ് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നിടത്തോളം കാലം ഏത് രാജ്യത്തുനിന്നും ഉൽപ്പന്നങ്ങളും സേവനങ്ങളും ചൈനീസ് വിപണിയിൽ വിൽക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം മുറുകുകയാണ്. കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡൻ ചൈനയിലെ യുഎസ് ഹൈടെക് നിക്ഷേപത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു. സെപ്റ്റംബർ 12 ന്, ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 പുറത്തിറക്കാനിരിക്കെയാണ് ചൈനയുടെ നിരോധനം പ്രാബല്യത്തിൽ വന്നത്. വലിയ മാറ്റങ്ങളോടെയാണ് ഐഫോൺ 15 പുറത്തിറക്കുക. ചൈനീസ് ടെക് ഭീമനായ വാവേയിൽ നിന്ന് കനത്ത മത്സരമാണ് ആപ്പിൾ നേരിടുന്നത്. ഐഫോണിനെ വെല്ലാൻ വാവേ ഫോണുകൾക്ക് സാധിക്കുമെന്നും ചൈനയിൽ അതിവേഗം വിൽപനയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു