ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഹാക്കര്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി രഹസ്യവിവരങ്ങള്‍ ചോര്‍ത്താനിടയുണ്ടെന്നാണു മുന്നറിയിപ്പ്. കേന്ദ്ര ഐ.ടി-ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം(സി.ഇ.ആര്‍.ടി-ഇന്‍) ആണു പുതിയ ബുള്ളറ്റിനില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്‍ഡ്രോയ്ഡിന്റെ 12, 12എല്‍, 13, 14 വേര്‍ഷനുകളിലാണ് ഹാക്കിങ് ആക്രമണത്തിനു കൂടുതല്‍ സാധ്യതയുണ്ടെന്ന് സി.ഇ.ആര്‍.ടി-ഇന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ മൂന്നു കോടിയിലേറെ പേര്‍ ഈ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളിലുള്ള ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. ഗൂഗിള്‍ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകള്‍, എ.ആര്‍.എം-മീഡിയടെക്-ഇമാജിനേഷന്‍-ക്വാല്‍കോം ഉപകരണങ്ങള്‍ എന്നിവയിലൂടെയെല്ലാം ഹാക്കര്‍മാര്‍ക്കു നുഴഞ്ഞുകയറാനാകുമെന്നാണു മുന്നറിയിപ്പ്. നുഴഞ്ഞുകയറുക മാത്രമല്ല ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും നിങ്ങളുടെ രഹസ്യവിവരങ്ങളും സാമ്പത്തിക ഇടപെടലുകളുടെ പാസ്‌വേഡുകളും ചിത്രങ്ങളുമെല്ലാം കൈയിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് ആകും.