മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.
മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത് മോഹന്‍ലാല്‍ തന്നെയായിരുന്നു.
എമ്പുരാനില്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ സഹോദരി നിഖാദ് ഖാനും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സുഭദ്ര ബെന്‍ എന്ന കഥാപാത്രമായിട്ടാണ് നിഖാദ് ഖാന്‍ എത്തുന്നത്. ഇപ്പോള്‍ നിഖാദ് ഖാന്റെ കാസ്റ്റിങ്ങിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍.
അവര്‍ ആമിറിന്റെ സഹോദരി ആണെന്ന് അറിയാതെയായിരുന്നു എമ്പുരാനില്‍ കാസ്റ്റ് ചെയ്തത് എന്നാണ് പൃഥ്വി പറയുന്നത്. ഓഡിഷന്‍ സമയത്ത് നിഖാദ് ഖാനെ ഇഷ്ടമായെന്നും പിന്നീട് കാസ്റ്റിങ് ഡയറക്ടറാണ് അവര്‍ക്ക് ആമിറുമായുള്ള ബന്ധം പറയുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.