ജ്യൂസ് കുടിച്ചാൽ അർബുദം മാറുമെന്ന് മകളെ ധരിപ്പിച്ചു; ഒടുവിൽ മരണം,വാക്‌സിൻ വിരുദ്ധയായ കേറ്റിനെതിരെ മക്കൾ

വാഷിംഗ്ടണ്‍: കാന്‍സര്‍ ബാധിതയായ സഹോദരിയെ ചികിത്സിയ്ക്കാന്‍ മാതാവ് അനുവദിച്ചില്ലെന്നും തുടർന്ന് മരണത്തിന് കീഴടങ്ങിയെന്നുമുള്ള ഗുരുതര ആരോപണവുമായി പ്രമുഖ വാക്‌സിൻ വിരുദ്ധയും ഗൂഢാലോചനാ സിദ്ധാന്തക്കാരിയുമായ കേറ്റ് ഷെമിറാനിയുടെ മക്കൾ. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗബ്രിയേൽ ഷെമിറാനി, സെബാസ്റ്റ്യന്‍ ഷെമിറാനി എന്നിവരുടെ വെളിപ്പെടുത്തല്‍. 2024 ജൂലൈയിലാണ് കേറ്റിൻ്റെ ഇരുപത്തിമൂന്നുകാരിയായ മകൾ പലോമ മരിച്ചത്.

 

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ബിരുദധാരിയായ പലോമ ഷെമിറാനിക്ക് രക്താർബുദമായിരുന്നു. രോഗനിർണയം നടത്തി ഏഴ് മാസത്തിന് ശേഷമാണ് ഇവർ മരിച്ചത്. ഒരു നഴ്സ് കൂടിയായിരുന്നു കേറ്റ് ഷെമിറാനി. കൊവിഡ് വാക്സിനേഷനെതിരായ ഇവരുടെ അഭിപ്രായത്തെത്തുടർന്ന് 2021-ൽ യുകെയുടെ നഴ്സിംഗ് രജിസ്റ്ററിൽ നിന്ന് പുറത്താക്കപ്പെട്ടു.മാസ്‌കുകളുടെയും വാക്‌സിനുകളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള തീവ്രമായ വൈദ്യശാസ്ത്ര വിരുദ്ധ വീക്ഷണങ്ങളായിരുന്നു ഇവർക്കുണ്ടായിരുന്നത്. കീമോതെറാപ്പി ചെയ്താൽ അതിജീവിക്കാൻ 80 ശതമാനം സാധ്യതയുണ്ടാകുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും സഹോദരി അത് നിരസിച്ചുവെന്നും അതിനു കാരണം അമ്മയുടെ സമ്മർദ്ദമാണെന്നും മറ്റ് സഹോദരന്മാർ പറയുന്നു.

ഭര്‍ത്താവുമായി വേർപിരിഞ്ഞ ശേഷം മക്കളുമായി കേറ്റ് കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. സെബാസ്റ്റ്യനും ഗബ്രിയേലും കേറ്റിനോട് സംസാരിക്കുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ പലോമ മാതാവുമായി ബന്ധം പുലര്‍ത്തിയിരുന്നു. രോഗബാധിതയായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ പലോമയെ കാണാൻ കേറ്റ് വന്നു. അതിനുശേഷമാണ് കീമോതെറാപ്പി ചെയ്യാന്‍ പലോമ വിസമ്മതിച്ചത്. ജ്യൂസുകളും സപ്ലിമെന്റുകളും കഴിച്ചാല്‍ അര്‍ബുദം മാറുമെന്ന് പലോമയെ കേറ്റ് ധരിപ്പിച്ചു. അതോടെ, ശാസ്ത്രീയമായ ചികിത്സാ രീതികള്‍ വേണ്ടെന്ന് പറഞ്ഞ് സഹോദരി വാശിപിടിച്ചു. പിന്നീട് പലോമയുടെ പരിചരണം കേറ്റ് ഏറ്റെടുക്കുകയും രോഗം വഷളാവുകയുമായിരുന്നു.

 

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് പലോമ മരിച്ചത്. കാൻസർ ശരീരത്തെ വളരെയേറെ ബാധിച്ചിട്ടും പലോമയെ സുഹൃത്തുക്കളിൽ നിന്നും കാമുകനിൽ നിന്നും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും ഒറ്റപ്പെടുത്താൻ ശ്രമിച്ചതായും മക്കൾ ആരോപിക്കുന്നു. അമ്മയുടെ അനാവശ്യമായ സ്വാധീനം മൂലമാണ് സഹോദരിയുടെ ജീവിതം ദാരുണമായി അവസാനിച്ചതെന്നും സഹോദരന്മാർ കൂട്ടിച്ചേർത്തു.

 

മകളുടെ മരണശേഷം ആരോപണങ്ങള്‍ വന്നതോടെ കേറ്റ് പ്രതികരണവുമായി രംഗത്തെത്തി. വൈദ്യശാസ്ത്രം ഒരു നുണയാണെന്നും ആരോഗ്യ സംരക്ഷണം എന്ന് നമ്മള്‍ ഒരിക്കല്‍ വിശ്വസിച്ചിരുന്നത് ഇപ്പോള്‍ ‘കൊലപാതക സേവന’മാണെന്നുമായിരുന്നു കേറ്റിന്റെ ആരോപണം.

യുകെയിൽ നഴ്‌സിംഗ് പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടിട്ടും 60 കാരിയായ കേറ്റ് സ്വയം ‘നാച്ചുറൽ നഴ്‌സ്’ എന്നാണ് വിശേഷിപ്പിച്ചിക്കുന്നത്. കൊവിഡ് വാക്‌സിനുകളിൽ ‘ഒരു ചെറിയ അംശം സാത്താൻ’ ഉണ്ടെന്നും, കുത്തിവയ്പ്പുകൾ കാൻസറിന് കാരണമാണെന്നും, ഗർഭച്ഛിദ്രം ചെയ്ത ഭ്രൂണങ്ങളിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നുമുള്ള അവകാശവാദങ്ങൾ കേറ്റ് സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചിരുന്നു. ഇതോടെയാണ് അവർ വാർത്തകളിൽ ഇടം നേടിയത്. അതേസമയം, മക്കളുടെ ആരോപണത്തിൽ കേറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

‘എന്റെ അമ്മയുടെ പ്രവൃത്തികളുടെയും വിശ്വാസങ്ങളുടെയും നേരിട്ടുള്ള പരിണതഫലമായാണ് എന്റെ സഹോദരി മരിച്ചത്, എനിക്കുണ്ടായ അതേ വേദനയോ നഷ്ടമോ മറ്റാരും അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’, സെബാസ്റ്റ്യൻ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights