ഇരകളിലൂടെ മലയാളത്തിന്റെ ഹിച്ച്‌കോക്കായി, ആദാമിന്റെ വാരിയെല്ലിലൂടെ ഫെമിനിസം പഠിപ്പിച്ചു, പഞ്ചവടിപ്പാലത്തിലൂടെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായി; ഓര്‍മകളില്‍ കെ ജി ജോര്‍ജ്

മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ കെ ജി ജോര്‍ജ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. റഫറന്‍സ് ഗ്രന്ഥങ്ങളായി മാറിയ ഒരുപറ്റം സിനിമകള്‍ നമുക്ക് സമ്മാനിച്ച അതുല്യ പ്രതിഭ, മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നു.മലയാള സിനിമയെ സാഹിത്യ വടിവുകളില്‍ നിന്നും സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സംവിധായകനാണ് കെജി ജോര്‍ജ്. അതിന്റെ സ്വാഭാവികമായ സങ്കീര്‍ണതയും ലാഗും ആ സിനിമകളില്‍ കാണാം. യവനികയും, ഇരകളും, ആദാമിന്റെ വാരിയെല്ലും ഉള്‍പ്പെടെ മലയാള സിനിമയിലെ റഫറന്‍സ് ഗ്രന്ഥങ്ങളായ നിരവധി സിനിമകള്‍ കെ ജി ജോര്‍ജ് മലയാളികള്‍ക്ക് സമ്മാനിച്ചു.1970ല്‍ വിഖ്യാത സംവിധായകന്‍ രാമു കാര്യാട്ടിന്റെ മായ എന്ന സിനിമയില്‍ സഹസംവിധായകനായാണ് കെജി ജോര്‍ജ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന സമയത്താണ് എക്‌സാമിനറായി വന്ന രാമു കാര്യാട്ടിനെ അദ്ദേഹം പരിചയപ്പെടുന്നത്. കോഴ്‌സ് കഴിഞ്ഞ് മദ്രാസിലേക്ക് വരുന്നുണ്ടോ എന്ന് രാമു കാര്യാട്ട് ചോദിച്ചു. അല്ലാതെ വേറെ മാര്‍ഗമില്ലല്ലോ എന്നായിരുന്നു കെജി ജോര്‍ജിന്റെ മറുപടി. മായയില്‍ സഹസംവിധായകനായ ജോര്‍ജ് രാമു കാര്യാട്ടിന്റെ അടുത്ത സിനിമയായ നെല്ലിന്റെ തിരക്കഥാകൃത്തായി. 1975ല്‍ പുറത്തിറങ്ങിയ സ്വപ്നാടനം ആണ് കെജി ജോര്‍ജ് സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights