നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇഡി കേസ് നില നില്‍ക്കില്ലെന്ന് കോടതി

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ആശ്വാസം. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനപ്രകാരമുള്ള കേസ് പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരമുള്ള ഇഡി കേസ് നിലനില്‍ക്കില്ലെന്നും ഡല്‍ഹി റോസ് അവന്യൂ കോടതി സ്‌പെഷ്യല്‍ ജഡ്ജ് വിശാല്‍ ഗോഘ്‌നെ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള ഇഡി കേസ് സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ചൂണ്ടിക്കാണിച്ചാണ് കേസില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഈ കേസില്‍ നേരത്തേതന്നെ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം, ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

ഇഡിയുടെ കേസ് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. അതേസമയം, ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണെന്നും വ്യാജരേഖ ചമച്ചതിനും കള്ളപ്പണം വെളുപ്പിച്ചതിനും തെളിവുണ്ടെന്നുമാണ് ഇഡി വാദിച്ചത്. ഡല്‍ഹി കോടതിയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ നിയമവിദഗ്ധര്‍ കോടതി ഉത്തരവ് വിശദമായി പഠിക്കുമെന്നും ഇതിനുശേഷം അപ്പീല്‍ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

ബിജെപി നേതാവായ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി കേസെടുത്തിരുന്നത്. അതേസമയം, കോടതി വിധിക്ക് പിന്നാലെ ‘സത്യം വിജയിച്ചെന്ന്’ കോണ്‍ഗ്രസ് ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ പ്രതികരിച്ചു. ഇഡി കേസ് അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് കോടതി വിധിച്ചിരിക്കുന്നു. ഇതില്‍ എഫ്‌ഐആറും ഇല്ല, അതിനാല്‍ കേസും ഇല്ല. ഇത് മോദി സര്‍ക്കാരിന്റെ നിയമലംഘനവും വഞ്ചനയും തുറന്നുകാട്ടുന്നതാണെന്നും കോണ്‍ഗ്രസ് കുറിപ്പില്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ‘ഗാന്ധിനഗര്‍ ഗ്യാങ്ങി’നെ തുറന്നുകാട്ടുന്നതാണ് കോടതി വിധിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പ്രതികരിച്ചു. ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരായ ഗൂഢാലോചനയാണെന്നും രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവിന്റെ പദവി കൃത്യമായി നിര്‍വഹിക്കുന്നതിനാലാണ് ഇത്തരം ഗൂഢാലോചന നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights