റായ്പുര്‍: ഛത്തീസ്ഗഢില്‍ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുരുങ്ങന്‍ തട്ടിയെടുത്തു കിണറ്റിലിട്ടു. ജന്‍ച്ഗിര്‍ ചാമ്പ ജില്ലയിലെ സേവനി ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ നാട്ടുകര്‍ ചേര്‍ന്നു രക്ഷപ്പെടുത്തി.വീടിനു പുറത്തു നിന്ന അമ്മയുടെ കൈയില്‍ നിന്നാണ് കുരങ്ങന്‍ കുഞ്ഞിനെ തട്ടിയെടുത്തത്. പിന്നാലെ കുഞ്ഞിനേയും കൊണ്ട് കുരങ്ങന്‍ ടെറസിലേക്ക് കയറി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുഞ്ഞിനെ രക്ഷിക്കാനായി പടക്കം പൊട്ടിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു.
ശബ്ദം കേട്ട് പേടിച്ച കുരങ്ങന്‍ കുഞ്ഞിനെ വീടിനോടു ചേര്‍ന്നുള്ള കിണറ്റിലേക്ക് ഇടുകയായിരുന്നു. നാട്ടുകാര്‍ ബക്കറ്റ് കൊണ്ട് കുട്ടിയെ മിനിറ്റുകള്‍ക്കുള്ളില്‍ പുറത്തെടുത്തു.പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ധരിച്ചിരുന്ന ഡയപ്പര്‍ കാരണമാണ് കുട്ടി പെട്ടെന്നു മുങ്ങിപ്പോകാതിരുന്നത് എന്നാണ് കരുതുന്നത്.









