ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. വാട്ടര്‍ ബലൂണ്‍ പൊട്ടി വെള്ളം തെറിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ ഉത്തം നഗറിലാണ് സംഭവം.26 വയസ്സുകാരനായ തരുണ്‍ കുമാറാണ് ഇരുമ്പു വടികളും ഇഷ്ടികകളും ഉപയോഗിച്ചുള്ള ക്രൂരമര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെയടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.തരുണ്‍ കുമാറിന്റെ ബന്ധുവായ 11 വയസ്സുകാരി ടെറസില്‍നിന്ന് എറിഞ്ഞ വാട്ടര്‍ ബലൂണ്‍ അയല്‍വാസിയായ സ്ത്രീയുടെ ദേഹത്ത് പതിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. തരുണിന്റെ കുടുംബം ഉടന്‍ ക്ഷമാപണം നടത്തിയെങ്കിലും അത് സ്വീകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല.തര്‍ക്കം പരിഹരിച്ചെന്ന് കരുതിയിരിക്കെ, കുറച്ചു സമയങ്ങള്‍ക്കകം സുഹൃത്തിനൊപ്പം ബൈക്കില്‍ വരുകയായിരുന്ന തരുണിനെ 20 പേരടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഇരുമ്പു വടികളും കല്ലുകളും ഉപയോഗിച്ച് ഇവര്‍ തരുണിനെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ തരുണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.രണ്ട് വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ അവസാനിച്ചത്. പ്രതികള്‍ക്കെതിരെ സെക്ഷന്‍ 103 പ്രകാരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുമെന്നും ദ്വാരക ഡി.സി.പി കുശാല്‍ പാല്‍ സിങ് പറഞ്ഞു.
ഹോളി ആഘോഷത്തിനിടെ ബലൂണ്‍ പൊട്ടി വെള്ളം തെറിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു









