കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്. വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നൂര്‍ബിന രാജിപ്രഖ്യാപനം നടത്തിയത്. നേതൃത്വത്തിന് രാജി അറിയിച്ചുകൊണ്ട് ഇ-മെയില്‍ അയച്ചുവെന്നും എന്നാല്‍ പാര്‍ട്ടി വിടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഹരിത വിവാദം സൃഷ്ടിച്ചവരാണ് മത്സരിക്കുന്നതെന്ന് പറഞ്ഞാണ് നൂര്‍ബിന വിയേജിപ്പ് അറിയിച്ചത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ. ഇത്രയും കാലത്തിനിടയില്‍ പാണക്കാട് കുടുംബങ്ങളെ മോശമായി ചിത്രീകരിക്കപ്പെട്ട സ്ഥിതി വിശേഷത്തോട് ഞങ്ങള്‍ക്ക് മനസുകൊണ്ട് യോജിക്കാന്‍ പറ്റില്ല. ഞങ്ങള്‍ വിയോജിപ്പ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. സീറ്റ് കൊടുക്കരുതെന്ന്. തങ്ങള്‍മാര്‍ എന്നുപറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. പാണക്കാട് കുടുംബത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നവരാണ്. ലോകത്താരും തങ്ങന്മാര്‍ക്കെതിരേ സംസാരിച്ചിട്ടില്ല. – അവര്‍ പറഞ്ഞു.
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയയ്ക്കെതിരേ നൂര്‍ബിന വിമര്‍ശനമുയര്‍ത്തി. ഫാത്തിമ തെഹ്ലിയ സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ടതില്‍ തെറ്റില്ല. പക്ഷേ ഞങ്ങള്‍ക്കും തരണമായിരുന്നു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഞ്ചുവര്‍ഷം കൗണ്‍സിലറായി ഭരിച്ച് കാണിക്കട്ടെയെന്ന് നൂര്‍ബിന ചോദിച്ചു. തലമുറ മാറ്റം വേണമെങ്കില്‍ ഒരുപാട് പേര്‍ വേറെയുണ്ടായിരുന്നു, അവരെ എന്തുകൊണ്ട് പരിഗണിച്ചില്ല. അയോഗ്യത എന്താണെന്ന് വ്യക്തമാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.









