തിരുവനന്തപുരം: ലഹരി ഉപയോഗിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാന്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്റെ ഭാര്യ അമീനയുടെ സഹോദരീ പുത്രനായ ഫൈസല്‍ (28) തീയിട്ടത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസല്‍ ഷാജഹാന്റെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്. എന്നാല്‍ വീട്ടുകാര്‍ പണം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു.
പണം ലഭിക്കാതെ വന്നതോടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈ ഞരമ്പ് മുറിക്കാന്‍ ഫൈസല്‍ ശ്രമിച്ചു. ഇതിനിടെ വീടിന് തീയിടുമെന്ന് ഇയാള്‍ ഭീഷണി മുഴക്കുകയും ചെയ്തു. ഭയന്നുപോയ ഷാജഹാനും ഭാര്യയും ഉടന്‍ തന്നെ മറ്റൊരു വീട്ടിലേക്ക് മാറി. ഇവര്‍ മാറിതാമസിച്ച സമയത്താണ് ഫൈസല്‍ വീടിന് തീയിട്ടത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ പൊട്ടിത്തെറിച്ചു. വലിയ സ്ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. യുവാവിന്റെ അക്രമത്തില്‍ വീട് പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല: തിരുവനന്തപുരത്ത് യുവാവ് വീടിന് തീയിട്ടു









