കണ്ണൂര്‍: ധര്‍മ്മടത്തെ തോല്‍വിയില്‍ പരിഭവം പറഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദ്. വോട്ട് എണ്ണി ആദ്യ റൗണ്ടുകളില്‍ പിണറായി വിജയനെ വിറപ്പിച്ച ശേഷമായിരുന്നു അബ്ദുള്‍ റഷീദിന്റെ തോല്‍വി. എന്നാല്‍ മണ്ഡലത്തില്‍ തനിക്കായി പ്രചരണത്തിന് എത്തണമെന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന, ദേശീയ നേതാക്കള്‍ ആവശ്യം തള്ളുകയായിരുന്നുവെന്നു അബ്ദുള്‍ റഷീദ് പ്രതികരിച്ചു.
‘സ്ഥാനാര്‍ഥിയെന്ന നിലയില്‍ ധര്‍മ്മടത്ത് ഒറ്റപ്പെട്ട് പോയിരുന്നു. ഞാന്‍ എന്റെ മുഴുവന്‍ ദേശീയ നേതാക്കന്‍മാരോടും അഭ്യര്‍ഥിച്ചു, മണ്ഡലത്തില്‍ ഒന്നു വരണം നമ്മള്‍ ജയിക്കും. പക്ഷെ ആരും ചെവിക്കൊണ്ടില്ല, സംസ്ഥാന നേതാക്കന്‍മാരോടടക്കം കാലുപിടിച്ച് പറഞ്ഞു. ആരും വിശ്വസിച്ചില്ല’
‘എല്ലാവരും പുഞ്ചിരിച്ച് അതിനെ തള്ളുകയാണ് ചെയ്തത്. അവസാനം വടകര എംപി ഷാഫി പറമ്പിലിനോടും പറഞ്ഞു. എന്റെ പ്രിയപ്പെട്ട നേതാവ് കൂടിയാണ്, നിങ്ങളെങ്കിലും ഒരു ദിവസം വരണം. പക്ഷെ അദ്ദേഹവും പരിപാടി കാന്‍സല്‍ ചെയ്യുകയാണുണ്ടായത്. ഈ പത്ത് വര്‍ഷക്കാലം പിണറായി വിജയനെതിരെ പറഞ്ഞവരാരും തന്നെ ധര്‍മ്മടത്ത് വന്നില്ല എന്നത് സങ്കടമാണ്. ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കില്‍ ഇതായിരുന്നില്ല ഫലം’ അബ്ദുള്‍ റഷീദ് പറഞ്ഞു.
ധര്‍മ്മടത്ത് രമേശ് ചെന്നിത്തല ഒഴികെ പ്രമുഖ നേതാക്കളൊന്നും അബ്ദുള്‍ റഷീദിനായി പ്രചാരണത്തിനെത്തിയില്ല. ഒറ്റപ്പെട്ടനിലയില്‍ പറഞ്ഞറിയിക്കാനാകാത്ത മനോവിഷമമുണ്ടായി. വലിയ റാലികളോ പൊതുയോഗങ്ങളോ നടത്തിയില്ല. എന്നിട്ടും ആത്മവിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ടുപോയി. ധര്‍മടത്ത് ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ മണ്ഡലത്തിലെ സ്ഥിതി അതല്ലെന്ന് ഓരോ ദിവസം കഴിയുംതോറും ബോധ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്ക് 12 വരെ അബ്ദുള്‍ റഷീദിന്റെ ലീടിലേക്കായിരുന്നു കേരളം ഉറ്റുനോക്കിയത്. ആറാമത്തെ റൗണ്ട് വരെ ഭൂരിപക്ഷം നിലനിര്‍ത്തിയപ്പോള്‍ പിണറായിയെ മലര്‍ത്തിയടിക്കുമെന്ന പ്രതീക്ഷയുണ്ടായി. തുടര്‍ന്നുള്ള റൗണ്ടുകളിലാണ് പിന്നാക്കംപോയത്. 2021ലെ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ എംവി ഗോവിന്ദന്റെ ഭൂരിപക്ഷം കുത്തനെ കുറച്ച് എല്‍ഡിഎഫിനെ അബ്ദുള്‍ റഷീദ് ഞെട്ടിച്ചിരുന്നു.








