ദഹനം എളുപ്പമാക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഫൈബര്‍ അടങ്ങിയ ഭക്ഷണം അത്യാവശ്യമാണ്. ഒരാള്‍ക്ക് ഒരു ദിവസം 25 മുതല്‍ 30 ഗ്രാം വരെ ഫൈബര്‍ വേണം. എന്നാല്‍ ഇന്നത്തെ തിരക്കിട്ട ജീവിതത്തില്‍, ആളുകള്‍ക്ക് എളുപ്പത്തില്‍ കിട്ടുന്ന സംസ്‌കരിച്ച ഭക്ഷണങ്ങളോടാണ് കൂടുതല്‍ താല്പര്യം. ഇത്തരം ഭക്ഷണങ്ങളില്‍ ഫൈബറും മറ്റ് പോഷകങ്ങളും വളരെ കുറവായിരിക്കും. ഇപ്പോള്‍ പ്രോട്ടീന്‍-റിച്ച്, കീറ്റോ ഡയറ്റുകളൊക്കെയാണല്ലോ ട്രെന്‍ഡ്. ഇതുകാരണം ആളുകള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വീണ്ടും കുറഞ്ഞു. ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ വയറ് കൂടുതല്‍ നേരം നിറഞ്ഞതുപോലെ തോന്നും. ഇത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് നല്ലതാണ്.
ഫൈബറില്‍ രണ്ട് തരമുണ്ട്
ഫൈബര്‍ പ്രധാനമായും രണ്ട് തരത്തിലുണ്ട് – ലയിക്കുന്നതും (soluble) ലയിക്കാത്തതും (insoluble). ലയിക്കുന്ന ഫൈബര്‍ ദഹനപ്രക്രിയ പതിയെയാക്കുകയും കുടലിലെ നല്ല ബാക്ടീരിയകള്‍ക്ക് ഭക്ഷണമാകുകയും ചെയ്യും. ലയിക്കാത്ത ഫൈബര്‍ മലബന്ധം തടയാന്‍ സഹായിക്കും. ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് ഈ രണ്ടുതരം ഫൈബറുകളും ഒരുപോലെ ആവശ്യമാണ്. വേനല്‍ക്കാലത്ത് ഫൈബറും വെള്ളവും ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും സുലഭമാണ്. സീസണലായി കിട്ടുന്ന ഈ പഴങ്ങളും പച്ചക്കറികളും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ദഹനത്തെ സഹായിക്കാനും ചൂടുള്ള ദിവസങ്ങളില്‍ ഊര്‍ജ്ജം നല്‍കാനും സഹായിക്കും. അതോടൊപ്പം, ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും.
സ്‌ട്രോബെറി, റാസ്‌ബെറി പോലുള്ള പഴങ്ങളില്‍ ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. തണ്ണിമത്തന്‍, വെള്ളരി തുടങ്ങിയ വേനല്‍ക്കാല പഴങ്ങള്‍ ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കി ദഹനത്തിന് സഹായിക്കും. തക്കാളിയും കാപ്‌സിക്കവും കുടലിന്റെ ആരോഗ്യം സംരക്ഷിക്കും. അവക്കാഡോ പഴങ്ങളില്‍ ഫൈബറും ആരോഗ്യകരമായ കൊഴുപ്പുമുണ്ട്. ബീന്‍സ്, പയര്‍ വര്‍ഗ്ഗങ്ങള്‍, കടല എന്നിവയും ഫൈബറിന്റെ മികച്ച സ്രോതസ്സുകളാണ്. കുടലിലെ വീക്കം മൂലമുണ്ടാകുന്ന രോഗങ്ങള്‍ (Inflammatory Bowel Disease – IBD) നിയന്ത്രിക്കുന്നതില്‍ ഫൈബര്‍ ഡയറ്റിന് പ്രധാന പങ്കുണ്ട്. ലയിക്കുന്ന ഫൈബര്‍, കുടലിലെ ബാക്ടീരിയകള്‍ക്ക് പോഷണം നല്‍കി വീക്കം കുറയ്ക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.









