‘ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിയിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി മോശമായി പെരുമാറി’; പൊലീസിനെതിരെ പരാതി നൽകി അൻസിബ

കൊച്ചി: പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അന്‍സിബ ഹസൻ. നടി ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിയില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്നാണ് പരാതി. എസ് ഐ രേഷ്മക്കെതിരെയാണ് പരാതി നല്‍കിയത്. ഒരു എക്സിക്യൂട്ടീവ് അംഗം നൽകിയ പരാതിയിൽ തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും മോശം അനുഭവം ഉണ്ടായെന്നും അൻസിബ പറഞ്ഞിരുന്നു.അന്‍സിബയ്ക്കെതിരെ വ്യാജ കേസ് നല്‍കി എന്ന് പറഞ്ഞ എക്സിക്യുട്ടീവ് അംഗം താനാണെന്ന് ലക്ഷ്മിപ്രിയ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ 10ന് അന്‍സിബ തനിക്ക് മെസേജ് അയച്ചെന്നും മെസേജ് അയയ്ക്കാനിടയായ കാരണം ചോദിച്ചിരുന്നുവെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരുന്നു.അതേസമയം നടന്‍ ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അന്‍സിബ. സംഭവത്തില്‍ അന്‍സിബ നിയമോപദേശം തേടി. പരാതി നിലനില്‍ക്കുമെന്നാണ് നിയമോപദേശം. നീന കുറുപ്പ് അടക്കമുള്ളവരെ കേസില്‍ സാക്ഷിയാക്കും. ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങള്‍ അന്‍സിബ റിപ്പോര്‍ട്ടറിലൂടെ തുറന്നു പറഞ്ഞിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയില്‍ നിന്ന് താന്‍ രാജിവെച്ചതെന്നുമായിരുന്നു അന്‍സിബയുടെ പ്രതികരണം.ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ നടത്തിയ ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു നീന കുറുപ്പിന്റെ പരാതിയും. അന്‍സിബ മാധ്യമങ്ങളോട് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ടിനി ടോമിനെതിരെ നീന കുറുപ്പ് ‘അമ്മ’യില്‍ പരാതി നല്‍കിയിരുന്നു. മെയ് 12നാണ് പരാതി നല്‍കിയത്. ടിനി ടോമിന്റെ ആവര്‍ത്തിച്ചുള്ള അസഭ്യവും അംഗീകരിക്കാനാകാത്ത പെരുമാറ്റവും അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

അമ്മ കുടുംബ സംഗമത്തിന്റെ റിഹേഴ്‌സലില്‍ ടിനി ടോം തന്നെ പരസ്യമായി അപമാനിച്ചെന്നും അസഭ്യവും അശ്ലീല പ്രയോഗവും നടത്തിയെന്നും നീന കുറുപ്പ് പറഞ്ഞു. ശാരീരികമായി ആക്രമിക്കാനും ശ്രമിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി. ടിനി ടോമിന്റെ പെരുമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും നീന കുറുപ്പിന്റെ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights