‘ഒരേയൊരു മോഹന്‍ലാല്‍’; ഏഴാം നാളില്‍ 200 കോടി ക്ലബ്ബിലേക്ക് ദൃശ്യം 3; കരിയറില്‍ മൂന്നാമത്തേത്!

ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 3. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ലഭിച്ചതും. ഇപ്പോഴിതാ റിലീസ് ചെയ്ത് ഏഴ് നാളുകള്‍ പിന്നിടുമ്പോള്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് ദൃശ്യം. ഏഴാം ദിനമെത്തുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടിയിലധികം ദൃശ്യം 3 നേടിക്കഴിഞ്ഞിരിക്കുകയാണ്.ദൃശ്യം 3യും 200 കോടി ക്ലബ്ബിലെത്തിയതോടെ മോഹന്‍ലാലും പുതിയൊരു റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. നേരത്തെ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയിരുന്നു. രണ്ടാം വാരം എത്തുമ്പോഴും 500 തിയറ്ററുകളിലാണ് കേരളത്തില്‍ ദൃശ്യം 3 പ്രദര്‍ശിപ്പിക്കുന്നത്.

നേരത്തെ ഏപ്രില്‍ രണ്ടിന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമാണ് ദൃശ്യം. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ റിലീസ് മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മൂന്നാം വരവില്‍ എന്തായിരിക്കും ജോര്‍ജുകുട്ടിയ്ക്ക് മുമ്പിലുള്ള വെല്ലുവിളിയെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകര്‍. ആരാധകര്‍ മൂന്നാം വട്ടവും ഞെട്ടിക്കാന്‍ ജീത്തു ജോസഫിന് സാധിച്ചുവെന്നാണ് ദൃശ്യം 3യുടെ വിജയം വ്യക്തമാക്കുന്നത്.മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ദൃശ്യം 3 വിലയിരുത്തപ്പെടുന്നത്. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അതേസമയം, അജയ് ദേവ്ഗണ്‍ നായകനായ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്റെ ആഗോള തിയറ്ററിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights