തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായം ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണ് അപകടം. ജയിന്റ് വീലില്‍ നിന്ന് താഴെവീണ് കുട്ടികള്‍ അടക്കം 25ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കാല്‍ ഒടിഞ്ഞ സ്്ത്രീയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്.ഇന്ന് ഉച്ചയോടെയാണ് സംഭവം. ജയിന്റ് വീലിന്റെ വെല്‍ഡിങ് മുറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. റൈഡില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. തെക്കന്‍ കേരളത്തിലെ പ്രധാന അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ ഒന്നാണിത്. അവധിക്കാലമായതിനാലും ഇന്ന് അവധി ദിവസമായതിനാലും അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കുട്ടികള്‍ അടക്കം നിരവധിപ്പേര്‍ എത്തിയിരുന്നു. അവധിക്കാലം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ട് തന്നെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ നല്ല തിരക്ക് ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.ആകാശത്തൊട്ടില്‍ പൊട്ടിവീണ് അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ പൊലീസുകാരും അവിടെ കൂടിയിരുന്നവരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്കേറ്റ അഞ്ചുപേരില്‍ നാലുപേരെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരെയും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് വിവരം. ആരുടെയും പരിക്ക് സാരമുള്ളതല്ല എന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights