സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതി: പൊലീസ് മർദ്ദിച്ചതായി നിരപരാധിയായ 20കാരൻ

പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതിയിൽ പൊലീസിൽ നിന്ന് മർദ്ദനമേറ്റതായി ഇരുപതുകാരൻ. വീട്ടിൽ നിന്ന് പൊലീസ് വിളിച്ച് കൊണ്ട് പോയെന്നും പൊലീസ് ക്വാട്ടേഴ്സിൽ കൊണ്ടുപോയി മർ‌ദ്ദിച്ചെന്നുമാണ് ഇരുപതുകാരൻ പറയുന്നത്. കാൽവെള്ളയുടെ അടിയിൽ ചൂരൽ വച്ച് അടിച്ചുവെന്നും തലമുടിയിലും ചെവിയിലും പിടിച്ച് മുകളിലേക്ക് ഉയർത്തിയെന്നുമാണ് ഇരുപതുകാരൻ്റെ വെളിപ്പെടുത്തൽ. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ലെന്നും ഇരുപതുകാരൻ റിപ്പോർട്ടറിനോട് പറഞ്ഞു.

അനുജൻ ആണെന്ന് കരുതി തന്നെ ആണ് ആദ്യം പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് 20 കാരൻ്റെ സഹോദരനും പറഞ്ഞു.’ ജിമ്മിൽ നിന്നും പൊലീസ് തന്നെ വിളിച്ചുകൊണ്ടുപോയി. പ്രായം ചോദിച്ചപ്പോൾ 28 വയസ്സ് എന്ന് താൻ പറഞ്ഞു. സഹോദരൻ ഉണ്ടോ എന്ന് പോലീസ് ചോദിച്ചു. ഉണ്ട് എന്ന് താൻ മറുപടി നൽകി. പൊലീസ് തന്നെയും കൂട്ടി വീട്ടിലേക്ക് പോയി. വീട്ടിൽ നിന്നും അനുജനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തങ്ങൾ രണ്ടുപേരെയും കൂടൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി എന്നാണ് സഹോദരൻ്റെ മൊഴി.പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സഹപാഠികൾ പീഡിപ്പിട്ടില്ലെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയെന്നും എന്നാൽ സഹപാഠി പ്രണയം നിരസിച്ചതായും പെൺകുട്ടി പറഞ്ഞു. ഇതിന്റെ നിരാശയിലാണ് സഹപാഠികൾക്കെതിരെ പീഡന പരാതി നൽകിയതെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കും.

ഇന്നലെ വൈകിട്ടോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ഹാജരാക്കിയ സമയത്ത് ഡോക്ടറോടാണ് താൻ പീഡനത്തിനിരയായില്ലെന്ന് പെൺകുട്ടി ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായില്ലെന്ന് വ്യക്തമായി. പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടില്ലെന്നും കണ്ടെത്തി. പിന്നാലെ പെൺകുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഡോക്ടർമാരോട് പറഞ്ഞകാര്യം പെൺകുട്ടി മജിസ്‌ട്രേറ്റിനോടും ആവർത്തിച്ചു. സഹപാഠി പ്രണയം നിരസിച്ചപ്പോൾ സഹപാഠികൾക്കെതിരെ പീഡന പരാതി നൽകുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ റഫർ റിപ്പോർട്ട് നൽകും.കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠികൾ പീഡിപ്പിച്ചതായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് പെൺകുട്ടികളുടെ നാല് സഹപാഠികളെയും രണ്ട് മുതിർന്നവരെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയത്. പീഡന ആരോപണം സഹപാഠികൾ നിരസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights