പ്രോട്ടീൻ ഷേയ്ക്ക് കുടിച്ചുകൊണ്ടാണ് താൻ ദിവസം ആരംഭിക്കുന്നതെന്ന് നടി കാജൽ അർഗർവാൾ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത് സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു. ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് എന്ന നിലയിൽ ബദാം പാലിൽ എളുപ്പത്തിൽ തയ്യാറാക്കുന്ന കട്ടിയുള്ള പ്രോട്ടീൻ ഷേയ്ക്ക് ആണ് താൻ തിരഞ്ഞെടുക്കുന്നതെന്ന് കേർളി ടേൽസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. അത് തനിക്ക് ദീർഘനേരം വയറുനിറഞ്ഞ അനുഭവം നൽകാറുണ്ടെന്നും താരം പറഞ്ഞു.ഫിറ്റ്നസ് പ്രേമികൾക്കിടയിലും തിരക്കുള്ള പ്രൊഫഷണലുകൾക്കിടയിലും ജനപ്രിയമായ ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനാണ് പ്രോട്ടീൻ ഷേയ്ക്ക്. കാരണം അവ വളരെ പെട്ടന്ന് ഉണ്ടാക്കായെടുമെന്നതാണ് പ്രത്യേകത. എന്നാൽ ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റിൽ പ്രോട്ടീൻ ഷേയ്ക്ക് മാത്രം മതിയാകുമോ? ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റിൻ്റെ ഭാഗമാക്കാവുന്ന ഒന്നാണ് പ്രോട്ടീൻ ഷേയ്ക്ക് എങ്കിലും ദിവസം ആരംഭിക്കാനുള്ള എല്ലാ പോഷകങ്ങളും അതിൽ ഉണ്ടാകണമെന്നില്ല. പേശികളുടെ അറ്റകുറ്റ പണികൾക്കും വയറു കൂടുതൽ നേരം സംതൃപ്തി നൽകുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും പ്രോട്ടീൻ വളരെ പ്രധാനമാണ്.മതിയായ പ്രോട്ടീൻ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ പ്രോട്ടീൻ ഷെയ്ക്കിൽ ഭക്ഷ്യനാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ശരീരത്തിന് ആവശ്യമായ മറ്റ് പ്രധാന പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ടാവില്ല. പഴങ്ങൾ, ഓട്‌സ്, നട്‌സ് അല്ലെങ്കിൽ വിത്തുകൾ എന്നിവ പ്രോട്ടീൻ ഷേയ്ക്കിൽ ചേർക്കുന്നത് നാരുകളുടെ അളവ് മെച്ചപ്പെടുത്താനും ആരോഗ്യകരമായ കൊഴുപ്പ് നൽകാനും ഭക്ഷണം കൂടുതൽ സന്തുലിതവും തൃപ്തികരവുമാക്കാനും സഹായിക്കും.ഐഡിയൽ ബ്രേക്ക്ഫാസ്റ്റ് എങ്ങനെ ആവണം?
പേശികളുടെ പരിപാലനത്തിനും സംതൃപ്തിക്കും പ്രോട്ടീൻ
സുസ്ഥിരമായ ഊർജ്ജത്തിന് സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ
ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ആരോഗ്യകരമായ കൊഴുപ്പ്
ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ഭക്ഷ്യനാരുകൾ
പഴങ്ങളിൽ നിന്നോ പച്ചക്കറികളിൽ നിന്നോ ഉള്ള വിറ്റാമിനുകളും ധാതുക്കളും
പ്രോട്ടീൻ ഷേയ്ക്ക് തീർച്ചയായും ഒരു ഹെൽത്തി ഓപ്ഷൻ ആണ്. എന്നാൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുമായി ഇത് ചേർക്കുന്നത് പോഷകഗുണം മെച്ചപ്പെടുത്തും.
പ്രോട്ടീൻ സപ്ലിമെൻ്റ് കിഡ്നിക്ക് പ്രശ്നമാണോ?
സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കുമ്പോൾ പ്രോട്ടീൻ ഷേയ്ക്ക് ആരോഗ്യമുള്ള വ്യക്തികൾക്ക് പൊതുവെ സുരക്ഷിതമാണ്. എന്നാൽ കാലക്രമേണ അമിതമായ പ്രോട്ടീൻ കഴിക്കുന്നത് വിട്ടുമാറാത്ത വൃക്കരോഗമുള്ളവരിലോ വൃക്കയുടെ പ്രവർത്തനം കുറയുന്നവരിലോ ആരോഗ്യത്തെ ബാധിച്ചേക്കാം. ശ്രദ്ധിക്കേണ്ട കാര്യം, ഗുണനിലവാരമുള്ള പ്രോട്ടീൻ തിരഞ്ഞെടുക്കുക, മതിയായ ജലാംശം നിലനിർത്തുക, വൈദ്യോപദേശം കൂടാതെ അനാവശ്യമായ ഉയർന്ന പ്രോട്ടീൻ സപ്ലിമെന്റേഷൻ ഒഴിവാക്കുക.









