കണ്ണൂർ: ആയിക്കര ഹാർബറിൽ വെച്ച് മരിച്ച ബാബുവിന്റെ മൃതദേഹം 50 ദിവസത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കരിച്ചു. കഴിഞ്ഞ മാസം ഏഴിന് ആണ് ബാബുവിനെ ഹാർബറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് മൃതദേഹം കഴിഞ്ഞ ഒന്നര മാസക്കാലമായി കണ്ണൂർ ആശുപത്രി മോർച്ചറിയിൽ കിടക്കുന്നത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.
അജ്ഞാത മൃതദേഹം മറവ് ചെയ്യുന്നതിനുള്ള സൗകര്യം കോർപറേഷൻ പരിധിയിൽ ഇല്ലാത്തതിനെ തുടർന്ന് സംസ്കാര നടപടികൾ നീളുകയായിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബാബുവിന്റെ ബന്ധുക്കൾ ഇന്നലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു.
ചെറുകുന്നിലുള്ള ബാബുവിന്റെ സഹോദരൻ മോഹനന്റെ മക്കളായ ഷിനോജ്, മനോജ് എന്നിവരാണ് ആശുപത്രിയിൽ എത്തിയത്.പൊലിസിന്റെ സഹായത്തോടെ ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
തുടർന്ന് കായംകുളത്തുള്ള ബാബുവിന്റെ മകൻ സുഭാഷിനെ വിവരമറിയിച്ചു.ഇന്ന് രാവിലെ കണ്ണൂരിലെത്തിയ മകൻ സുഭാഷിന്റെ നേതൃത്വത്തിൽ പയ്യാമ്പലം ശ്മശാനത്തിൽ അന്ത്യ കർമ്മങ്ങൾ നടത്തി മൃതദേഹം സംസ്കരിക്കുകയായിരുന്നു.
വർഷങ്ങളായി കണ്ണൂർ ആയിക്കരയിൽ ഉപജീവനം നടത്തുന്ന ബാബു ഫോൺ ഉപയോഗിക്കാത്തത് ബന്ധുക്കളെ കണ്ടെത്തുന്നതിൽ പൊലീസിന് വെല്ലുവിളിയായിരുന്നു. കായംകുളം പൊലീസ് വഴി നഗരസഭാ കൗൺസിലറെ ഉൾപ്പെടെ ബന്ധപ്പെട്ടെങ്കിലും ബന്ധുക്കളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.









