കൊച്ചി: യാത്രക്കാരെ വീണ്ടും വലച്ച് സ്‌പൈസ് ജെറ്റ്. ഇന്നലെ രാത്രി 11:30ന് ഫുജൈറയിലേക്ക് പോകേണ്ട യാത്രക്കാരും ഒരു മണിക്ക് ദുബായിലേക്ക് പോകേണ്ട യാത്രക്കാരും വിമാനത്താവളത്തില്‍ തുടരുകയാണ്. സ്‌പൈസ് ജെറ്റ് വൈകുന്നതില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.വിമാനം വൈകുമ്പോള്‍ കാത്തിരിക്കാന്‍ സ്ഥലമെങ്കിലും ഒരുക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. തുടര്‍ച്ചയായി സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നത് യാത്രക്കാരെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ്. അതേസമയം പ്രശ്‌നത്തില്‍ ഇതുവരെ സിയാലും ടെര്‍മിനല്‍ മാനേജറും ഇടപെട്ടിട്ടില്ല. വിമാനം വൈകുന്നതില്‍ സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്കും വിശദീകരണമില്ല. നാലുമാസമായി തങ്ങള്‍ക്കും ശമ്പളം ഇല്ലെന്നാണ് ജീവനക്കാര്‍ യാത്രക്കാര്‍ക്ക് നല്‍കിയ മറുപടി. മറ്റ് മാര്‍ഗങ്ങള്‍ നോക്കാനാണ് യാത്രക്കാരോട് ജീവനക്കാര്‍ പറയുന്നത്.
24 മണിക്കൂറായി വിമാനത്താവളത്തില്‍ കുടുങ്ങി ഇരിക്കുകയാണെന്നാണ് യാത്രക്കാരിലൊരാളായ വിഷ്ണു റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. 150ഓളം ആളുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങി ഇരിക്കുകയാണെന്നും അതില്‍ വയോധികരും ഭിന്നശേഷിക്കാരുമുണ്ടെന്ന് വിഷ്ണു പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ചാര്‍ട്ട് ചെയ്ത വിമാനം ഇനി 11.30ന് ചാര്‍ട്ട് ചെയ്യുമെന്ന് വിമാനക്കമ്പനി അറിയിച്ചതായി വിഷ്ണു പറഞ്ഞു.ഒരു മണിക്ക് വിമാനം ചാര്‍ട്ട് ചെയ്തു. പിന്നീട് അഞ്ച് മണിക്കും 10 മണിക്കും മൂന്നരയ്ക്കും ഷെഡ്യൂള്‍ ചെയ്തു. ഇപ്പോള്‍ ഇന്ന് രാത്രി 11.30ന് വിമാനം പുറപ്പെടുമെന്ന് പറയുന്നു. ഇന്ന് ഉച്ചയ്ക്ക് പോകേണ്ട യാത്രക്കാര്‍ വരെ കുടുങ്ങി കിടക്കുകയാണ്. വിമാനക്കമ്പനി പ്രതിസന്ധിയിലാണെന്നാണ് സംസാരിച്ചപ്പോള്‍ അവര്‍ പറയുന്നത്. ബാക്കിയുള്ള എയര്‍പോര്‍ട്ടിലും പ്രശ്‌നമുണ്ടെന്നാണ് പറയുന്നത്. പക്ഷേ, ഇപ്പോഴും ഓണ്‍ലൈനില്‍ വിമാനക്കമ്പനി ടിക്കറ്റ് വിറ്റ് കൊണ്ടിരിക്കുകയാണ്. ഒരുപാട് കള്ളത്തരങ്ങളാണ് ഇവര്‍ കാണിക്കുന്നത്’, വിഷ്ണു കൂട്ടിച്ചേര്‍ത്തു.
മുന്‍കൂട്ടി അറിയിപ്പൊന്നുമില്ലാതെ വിമാനങ്ങള്‍ റീഷെഡ്യൂള്‍ ചെയ്യുന്നതും സര്‍വീസുകള്‍ മുടങ്ങുന്നതും പതിവായതോടെ സ്‌പൈസ് ജെറ്റില്‍ ടിക്കറ്റെടുത്ത നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന പ്രതിസന്ധിയിലാകുന്നത്. ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി അടിയന്തരമായി ദുബായിലേക്ക് പോകേണ്ടവര്‍ പോലും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.









